പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത ഹോട്ടല്‍ ജീവനക്കാരന് 53 വര്‍ഷം കഠിന തടവ്; 2.10 ലക്ഷം രൂപ പിഴ

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിനെ 53 വര്‍ഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. ഇയാള്‍ 2,10000 രൂപ പിഴയും ഒടുക്കണം. കോഴിക്കോട് നൊച്ചാട് പഞ്ചായത്തിലെ മുളിയങ്ങല്‍ സ്വദേശി ചേരമ്പറ്റമീത്തല്‍ മുഹമ്മദ് റെയ്ഹാനെ(41)യാണ് നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ദേവന്‍ കെ. മേനോന്‍ ശിക്ഷിച്ചത്.2023 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഈ വിവരം കുട്ടി സ്‌കൂള്‍ ടീച്ചറോട് പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതിനനുസരിച്ച് എത്തിയ പേരാമ്പ്ര പോലീസ് കുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. ഹോട്ടല്‍ തൊഴിലാളിയായിരുന്ന റെയ്ഹാന്‍ പരിക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന സമയത്താണ് ഈ ക്രൂരത ചെയ്തത്. പോലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ 2024 ഫെബ്രുവരി 27 മുതല്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുകയാണ്. ഇതിനിടയില്‍ ഇയാള്‍ പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കേസിന്റെ ഗൗരവം കണക്കിലെടുത്ത് അപേക്ഷ തള്ളുകയായിരുന്നു. 13 സാക്ഷികളെ വിസ്തരിക്കുകയും നാല് തൊണ്ടിമുതലുകള്‍ ഹാജരാക്കുകയും ചെയ്തു. പേരാമ്പ്ര പോലീസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ്, എസ്‌ഐയായിരുന്ന വിനോദ് കുമാര്‍ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യീഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights