പത്തനംതിട്ട: 13കാരിയുടെ വ്യാജ പരാതിയില്‍ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിക്കെതിരെ രക്ഷിതാക്കള്‍. ചെയ്യാതെ കുറ്റം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച പൊലീസ്, വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിച്ചെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ അല്ല കുട്ടികളെ ചോദ്യം ചെയ്തതെന്നും തെറ്റ് സമ്മതിച്ചാല്‍ വെറുതെ വിടാമെന്ന് പൊലീസ് പറഞ്ഞെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. പൊലീസ് കുട്ടികളോട് ചീത്ത വാക്കുകള്‍ പറഞ്ഞെന്നും കുട്ടികള്‍ക്ക് ആഹാരം നല്‍കാന്‍ പോലും അനുവദിച്ചില്ലെന്നും പരാതിയുണ്ട്. ഒരു വിദ്യാര്‍ത്ഥിയെ കോളറില്‍ പിടിച്ച് പൊക്കിയെന്നും ആരോപണമുണ്ട്. സംഭവത്തില്‍ കുട്ടികള്‍ ഒരുപാട് സങ്കടപ്പെട്ടെന്നും അവരെ സ്റ്റേഷനില്‍ നിന്ന് വിട്ടുകിട്ടും വരെ തങ്ങള്‍ ഉറങ്ങിയില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നീതി വേണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.പതിമൂന്ന് വയസുകാരിയുടെ വ്യാജ പരാതിയില്‍ പൊലീസില്‍ നിന്നുണ്ടായ ക്രൂരത 20കാരനായ യുവാവ് നേരത്തെ റിപ്പോര്‍ട്ടറിനോട് വെളിപ്പെടുത്തിയിരുന്നു. കുറ്റം സമ്മതിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മര്‍ദിച്ചതെന്നാണ് യുവാവ് പറഞ്ഞത്. പെണ്‍കുട്ടിയുടെ കാര്യം പറഞ്ഞാണ് മര്‍ദിച്ചത്. പെണ്‍കുട്ടിയെ അറിയാമോയെന്നും എവിടെ കൊണ്ടുപോയി എന്നും ചോദിച്ചു. പെണ്‍കുട്ടിയെ അറിയില്ലെന്ന് പറഞ്ഞിട്ടും മര്‍ദ്ദനം തുടര്‍ന്നതായും യുവാവ് പറഞ്ഞു.കാല്‍വെള്ളയില്‍ ലാത്തി കൊണ്ട് അടിച്ചെന്നും കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ തന്നെ ഹൃദയശസ്ത്രക്രിയക്ക് വിധേയമായിട്ടുണ്ടെന്ന കാര്യം പറഞ്ഞിരുന്നിട്ടും അത് പരിഗണിച്ചില്ലെന്നും യുവാവ് പറഞ്ഞിരുന്നു.
ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സഹപാഠികള്‍ പീഡിപ്പിച്ചതായി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ വിവരം അറിയിച്ചു. ഇതിന് പിന്നാലെ പൊലീസ് പെണ്‍കുട്ടികളുടെ നാല് സഹപാഠികളെയും രണ്ട് മുതിര്‍ന്നവരെയും വിളിച്ചുവരുത്തി മൊഴിയെടുക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി. ഈ സമയം ഡോക്ടര്‍മാരോടാണ് താന്‍ പീഡനത്തിന് ഇരയായിട്ടില്ലെന്ന് പെണ്‍കുട്ടി ആദ്യം വെളിപ്പെടുത്തുന്നത്. സഹപാഠിയോട് തോന്നിയ പ്രണയത്തിന്റെ കാര്യവും പെണ്‍കുട്ടി തുറന്ന് പറഞ്ഞു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായില്ലെന്ന് വ്യക്തമായി. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടില്ലെന്നും കണ്ടെത്തി. പിന്നാലെ പെണ്‍കുട്ടിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ഡോക്ടര്‍മാരോട് പറഞ്ഞകാര്യം പെണ്‍കുട്ടി മജിസ്ട്രേറ്റിനോടും ആവര്‍ത്തിച്ചു. സഹപാഠി പ്രണയം നിരസിച്ചപ്പോള്‍ സഹപാഠികള്‍ക്കെതിരെ പീഡന പരാതി നല്‍കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു.









