സ്വര്‍ണക്കടത്തിനായി രണ്ടിലധികം വിവാഹം; കുഞ്ഞിന്റെ ഡയപ്പറില്‍ സ്വര്‍ണം കടത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍

കോഴിക്കോട്: കരിപ്പൂരില്‍ പിടിയിലായ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വര്‍ണക്കടത്തിനായി രണ്ടിലധികം വിവാഹം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തൽ. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ നിന്നും സ്വര്‍ണം പിടികൂടിയ സംഭവത്തിലാണ് നിര്‍ണായക കണ്ടെത്തല്‍.

കുഞ്ഞിന്റെ പിതാവ് പൊന്നാനി കോക്കൂര്‍ സ്വദേശി ഫാറൂഖിന് രണ്ടിലധികം ഭാര്യമാരുണ്ട്. രണ്ടാമത്തെ ഭാര്യയെ കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും രണ്ടു കോടിയുടെ സ്വര്‍ണവുമായി ഡിആര്‍ഐ പിടികൂടിയിരുന്നു. 28കാരിയായ യുവതി നാപ്കിനില്‍ ഒളിപ്പിച്ചു കടത്തിയത് 1.78 കിലോ സ്വര്‍ണമാണ്. ഭര്‍ത്താവാണ് സ്വര്‍ണം ഒളിപ്പിച്ചു യാത്രയാക്കിയതെന്ന് യുവതി ഡിആര്‍ഐ ക്ക് മൊഴി നല്‍കിയിരുന്നു. ഇതേതുടർന്ന് ഭര്‍ത്താവിന്റെ യാത്രകള്‍ നിരീക്ഷിച്ച റെവന്യു ഇന്റലിജന്‍സ് വിഭാഗമാണ് ഒരു കോടി രൂപയുടെ സ്വര്‍ണവുമായി എത്തിയ ഫാറൂഖിനെ കരിപ്പൂരില്‍ നിന്ന് പിടികൂടിയത്.

എട്ടുമാസം പ്രായമായ കുഞ്ഞടക്കം മൂന്നു കുട്ടികളുമായാണ് 34കാരന്‍ റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂരില്‍ എത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡിആര്‍ഐ സംഘമാണ് സ്വര്‍ണക്കടത്ത് കണ്ടെത്തിയത്. കുഞ്ഞിന്റെ ഡയപ്പറില്‍ നിന്നും പിതാവിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലുമായാണ് ഒരു കോടിയുടെ സ്വര്‍ണം കണ്ടെടുത്തത്. ഭര്‍ത്താവും, രണ്ടാമത്തെ ഭാര്യയും ചേര്‍ന്ന് ഇതു വരെ കൊണ്ടുവന്നത് മൊത്തം മൂന്ന് കോടിയുടെ സ്വര്‍ണമാണെന്ന് റെവന്യു ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു. സ്വര്‍ണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ഡിആര്‍ഐ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights