കൊച്ചി: ആലപ്പുഴ കരുവാറ്റയില്‍ 67-കാരനായ വയോധികന്‍ കൊല്ലപ്പെട്ട കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ തെളിവെടുപ്പിനായി പുറത്തിറക്കാന്‍ അനുമതി നല്‍കിയ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ (ജെജെബി) ഉത്തരവ് കേരള ഹൈക്കോടതി ശരിവെച്ചു. ജെജെബി ഉത്തരവിനെതിരെ പ്രതികളായ കുട്ടികള്‍ നല്‍കിയ ക്രിമിനല്‍ റിവിഷന്‍ ഹര്‍ജി ജസ്റ്റിസ് ജി. ഗിരീഷ് തള്ളി. പൊതുജനങ്ങളുടെ ദൃഷ്ടിയില്‍പ്പെടാതെ കുട്ടികളെ സംരക്ഷിക്കാന്‍ ജെജെബി ഏര്‍പ്പെടുത്തിയ 13 കര്‍ശന വ്യവസ്ഥകള്‍ പര്യാപ്തമാണെന്നും തെളിവെടുപ്പിന്റെ തീയതിയും സമയവും മുന്‍കൂട്ടി പരസ്യപ്പെടുത്താത്തത് ജനക്കൂട്ടം തടിച്ചുകൂടുന്നത് ഒഴിവാക്കാനാണെന്നും കോടതി വ്യക്തമാക്കി.
ജുവനൈല്‍ ജസ്റ്റിസ് നിയമം തന്നെ കൊടുംകുറ്റകൃത്യങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടുമ്പോള്‍ അന്വേഷണം നടത്തുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പ്രതികള്‍ കുട്ടികളാണെന്ന കാരണത്താല്‍ ക്രിമിനല്‍ അന്വേഷണത്തില്‍ നിന്ന് പരിപൂര്‍ണ്ണ സംരക്ഷണം നല്‍കുന്ന ഒരു വകുപ്പും ജെജെ നിയമത്തിലില്ല. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത , ഭാരതീയ സാക്ഷ്യ അധിനിയം എന്നിവ അനുസരിച്ച് കുട്ടികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്തുന്നതിന് യാതൊരു നിയമതടസ്സവുമില്ല. എന്നാല്‍ അന്വേഷണ പ്രക്രിയ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ സംരക്ഷണ വ്യവസ്ഥകള്‍ ലംഘിക്കുന്നതാകരുത്.
കുട്ടികളെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് സുരക്ഷിതമായി കൊണ്ടുപോകുന്ന ‘എസ്‌കോര്‍ട്ടഡ് മൂവ്മെന്റ്’ രീതി ജെജെ നിയമത്തിന് അന്യമല്ലെന്നും തെളിവെടുപ്പിനും ഇത് ബാധകമാക്കാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. തെളിവെടുപ്പ് വേളയില്‍ ലേഡി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെയും ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസറുടെയും പൂര്‍ണ്ണ സാന്നിധ്യം ഉറപ്പാക്കാന്‍ ജെജെബി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നുള്ള മാനസിക പീഡനമോ ഭീഷണിയോ ഉണ്ടാകുമെന്ന ആശങ്കകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി
കഴിഞ്ഞ ഓഗസ്റ്റ് 17-നാണ് കരുവാറ്റ സ്വദേശിയായ 67-കാരന്‍ കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ടയാളുടെ 13 വയസ്സുള്ള ചെറുമകളും മറ്റ് മൂന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് ഹരിപ്പാട് പൊലീസിന്റെ കണ്ടെത്തല്‍. നിലവില്‍ ഈ കുട്ടികള്‍ ആലപ്പുഴയിലെ ഗവണ്‍മെന്റ് ഒബ്‌സര്‍വേഷന്‍ ഹോമിലാണ് കഴിയുന്നത്.
ഹരിപ്പാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിഎന്‍എസ് 103(1) (കൊലപാതകം), 61(1), 49, 332(a), 309, 238, 3(5) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പ്രതികളായ കുട്ടികളെ ചോദ്യം ചെയ്യുന്നതിനും ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് തുടങ്ങിയ ഇടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനും അനുമതി നല്‍കിക്കൊണ്ട് സെപ്റ്റംബര്‍ ഏഴിനാണ് ആലപ്പുഴ ജെജെബി ഉത്തരവിട്ടത്.തുടര്‍ന്ന് ഈ ഉത്തരവിന് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നെങ്കിലും വിശദമായ വാദത്തിന് ശേഷം ഹര്‍ജി തള്ളി തെളിവെടുപ്പുമായി മുന്നോട്ടുപോകാന്‍ അന്വേഷണ സംഘത്തിന് അനുമതി നല്‍കുകയായിരുന്നു.







