ഒറ്റനോട്ടത്തിൽ ജലച്ചായമെന്ന് തോന്നിപ്പോകുന്ന അതിമനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് നാസ. വ്യാഴത്തിന്റെ അവിശ്വസനീയമായ ചിത്രങ്ങളാണ് നാസ പങ്കുവച്ചിരിക്കുന്നത്. നാസയുടെ ജൂനോ ദൗത്യം പകർത്തിയ ചിത്രങ്ങളാണിത്. വ്യാഴത്തിൽ സംഭവിക്കുന്ന അതിശക്തമായ കൊടുങ്കാറ്റുകൾ ചിത്രങ്ങളിൽ വ്യക്തമാണ്.
വ്യാഴത്തിന്റെ ക്ലൗഡ് ടോപ്പുകളിൽ നിന്നും 14,600 മൈൽ അകലെ വച്ച് ജൂനോ പകർത്തിയ ചിത്രമാണിത്. നീലയും വെള്ളയും നിറങ്ങളിൽ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത് വ്യാഴത്തിലെ കൊടുങ്കാറ്റാണ്. 2016ലായിരുന്നു ജൂനോ വ്യാഴത്തിൽ എത്തിയത്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെയും അതിന്റെ ഉപഗ്രങ്ങളെയും കുറിച്ച് പഠിക്കുകയും ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കുകയുമാണ് ജൂനോ ചെയ്തത്.
നിലവിൽ നാസ പങ്കുവച്ച ചിത്രങ്ങൾ 2019 ജൂലൈയിൽ ജൂനോ പകർത്തിയതാണെന്നും നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ (നാസ) അറിയിച്ചു. പ്രധാനമായും ഹൈഡ്രജനും ഹീലിയവും ചേർന്ന ഗ്രഹമാണ് വ്യാഴം. മറ്റ് വാതകങ്ങളുടെ സാന്നിധ്യവും അവിടെയുണ്ട്.