കണ്ടാൽ ഫോണുകളിലെ പുതിയ തരം വാൾപേപ്പറുകൾ പോലെ തോന്നുമെങ്കിലും സംഗതി അതല്ല. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി പകർത്തിയിരിക്കുന്ന വേൾപൂൾ ഗാലക്‌സി ngc 5194- ന്റെ ചിത്രമാണിത്. m51 എന്നും അറിയപ്പെടുന്ന ഈ ചുഴി ഭൂമിയിൽ നിന്നും 27 ദശലക്ഷം പ്രകാശ വർഷങ്ങൾ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
രണ്ട് വ്യത്യസ്ത ഉപകരണങ്ങളിൽ നിന്നുമെടുത്ത ഡാറ്റകൾ സംയോജിപ്പിച്ചാണ് നാസ ഈ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. വെബ്‌സ് ഇൻഫ്രാറെഡ് ക്യാമറകളിൽ നിന്നും മിഡ് ഇൻഫ്രാറെഡ് ഇൻട്രമെന്റിൽ നിന്നും ലഭിച്ച ഡാറ്റകൾ പ്രകാരമാണ് നാസ ഈ ചിത്രങ്ങൾ ലോകത്തിനായി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ മഞ്ഞ, ഓറഞ്ച് നിറങ്ങളിൽ കാണപ്പെടുന്ന ഭാഗങ്ങൾ നക്ഷത്ര സമൂഹങ്ങളിൽ നിന്നും പുറത്തു വിടുന്ന അയണൈസ്ഡ് വാതകങ്ങളാണ്. ക്ഷീരപഥത്തിനപ്പുറമുള്ള താരാപഥങ്ങളിലെ നക്ഷത്ര സമൂഹങ്ങളെ കണ്ടെത്താനും പഠിക്കാനും ലക്ഷ്യമിടുന്ന (ഫീഡ്ബാക്ക് ഇൻ എമർജിംഗ് എക്സ്ട്രാഅഗലക്റ്റിക് സ്റ്റാർ ക്ലസ്റ്റേഴ്സ്) പരിപാടിയുടെ ഭാഗമായാണ് ഈ നിരീക്ഷണം നടത്തിയത്.