ദുരഭിമാനക്കൊലയിൽ മുഖ്യ പ്രതിക്ക് വധശിക്ഷ

ഹൈദരാബാദ്∙ തെലങ്കാനയിൽ ഉയർന്ന ജാതിയിൽപെട്ട പെൺകുട്ടിയെ വിവാഹം കഴിച്ച ദലിത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിക്ക് വധശിക്ഷ. 2018ൽ മിരിയാൽഗുഡയിൽ നടന്ന സംഭവത്തിൽ നൽഗൊണ്ട കോടതിയാണ് വാടകക്കൊലയാളി സുഭാഷ് കുമാർ ശർമയ്ക്ക് വധശിക്ഷ നൽകിയത്. മറ്റ് 6 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

സമ്പന്ന കുടുംബാംഗമായ അമൃതവർഷിണിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് പെരുമല്ല പ്രണയ് കുമാറിനെ (23) കൊലപ്പെടുത്തിയത്. അമൃത വർഷിണിയുടെ പിതാവ് മാരുതി റാവു ആണ് ഒരു കോടി രൂപ നൽകി വാടകക്കൊലയാളിയെ ഏ‍ർപ്പാടു ചെയ്തത്.

ഗർഭിണിയായ അമൃതവർഷിണിക്കൊപ്പം ആശുപത്രിയിലേക്ക് പോകുന്നവഴി 2018 സെപ്റ്റംബർ 14ന് പ്രണയ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 6 മാസം മുൻപ് മാത്രമായിരുന്നു വിവാഹം. 2019 ജനുവരിയിൽ അമൃതവർഷിണി ഒരു കുഞ്ഞിന് ജന്മം നൽകി. കേസിൽ അറസ്റ്റിലായ മാരുതി റാവു 2020ൽ കുറ്റത്തിൽ പശ്ചാത്തപിച്ച് കത്തെഴുതി വച്ച ശേഷം ജയിലിൽ ആത്മഹത്യ ചെയ്തു.




മുഹമ്മദ് അസ്ഗർ അലി, മുഹമ്മദ് അബ്ദുൽ ബാരി, അബ്ദുൽ കരിം, മാരുതി റാവുവിന്റെ സഹോദരൻ ശ്രാവൺ കുമാർ, ഡ്രൈവർ എസ്. ശിവ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. 2003ൽ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ഹരൺ പാണ്ഡ്യയെ വധിച്ച കേസിൽ വിട്ടയയ്ക്കപ്പെട്ട പ്രതികളാണ് മുഹമ്മദ് അസ്ഗർ അലി, മുഹമ്മദ് അബ്ദുൽ ബാരി എന്നിവർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights