സെക്യൂരിറ്റി ജീവനക്കാര്‍ക്ക് തൊഴിലുടമ ഇരിപ്പിടം നല്‍കണം’; സര്‍ക്കുലര്‍ പുറത്തിറക്കി തൊഴില്‍ വകുപ്പ്

Advertisements
Advertisements

തിരുവനന്തപുരം: കടകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഇരിപ്പിടം ഉറപ്പുവരുത്തണമെന്ന് തൊഴില്‍ വകുപ്പ്. ഇരിപ്പിടത്തിന് പുറമേ ജീവനക്കാര്‍ക്ക് കുടയും കുടിവെള്ളവും നല്‍കണം. ഇത് സംബന്ധിച്ച് തൊഴില്‍ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി.

ദേശീയ, സംസ്ഥാന പാതയോരങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്ക് കോട്ടുകള്‍, തൊപ്പി, കുടകള്‍, സുരക്ഷാ കണ്ണടകള്‍ ഉള്‍പ്പെടെ തൊഴിലുടമകള്‍ നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. തൊഴിലുടമകള്‍ നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. ആവശ്യമായ നിര്‍ദേശങ്ങള്‍ എല്ലാ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ക്ക് നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ജില്ലാ ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സെക്യൂരിറ്റി മേഖല കേന്ദ്രീകരിച്ച് സ്‌ക്വാഡ് പരിശോധനകള്‍ നടത്തണം. ജീവനക്കാര്‍ക്ക് മിനിമം വേതനം, ഓവര്‍ടൈം വേതനം, അര്‍ഹമായ ലീവുകള്‍, തൊഴില്‍പരമായ ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കൂടാതെ സ്ഥാപനം വേതന സുരക്ഷാ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. സര്‍ക്കുലര്‍ നിര്‍ദേശം ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. നിയമലംഘനം നടത്തിയാല്‍ തൊഴിലുടമയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

Advertisements
Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights