മലയാള സിനിമാപ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ എമ്പുരാൻ. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തു വിട്ടു. വലിയ വരവേൽപ്പാണ് ട്രെയിലറിന് ലഭിക്കുന്നത്. മലയാള സിനിമയിലെ ഇതുവരെയുള്ള റെക്കോർഡുകൾ എല്ലാം എമ്പുരാൻ തിരുത്തി കുറിക്കുമെന്നാണ് സിനിമയുടെ ട്രെയ്‌ലറും ഇതുവരെ വന്ന അപ്ഡേറ്റുകളും സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ട്രെയ്‌ലർ കണ്ട് സംവിധായകൻ തരുൺ മൂർത്തി പൃഥ്വിരാജിന് അയച്ച മെസേജ് ആണ് ശ്രദ്ധ നേടുന്നത്.
ഇനി ഞാൻ എന്ത് ചെയ്യും’ എന്നാണ് ട്രെയ്‌ലർ കണ്ടതിന് ശേഷം തരുൺ പൃഥ്വിക്ക് അയച്ച മെസേജ്. ‘അയ്യോ… ഞാൻ വ്യക്തിപരമായി നിങ്ങളുടെ സിനിമ കാണാൻ കാത്തിരിക്കുകയാണെ’ന്നാണ് ഇതിനുള്ള പൃഥ്വിയുടെ മറുപടി. ‘ഫാൻ ബോയ്സ് ചാറ്റ്’ എന്ന കുറിച്ചുകൊണ്ട് തരുൺ മൂർത്തി തന്നെയാണ് ഇരുവരുടെയും സംഭാഷണത്തിന്റെ സ്ക്രീൻ ഷോട്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്.
മോഹൻലാലിനെ നായകനാക്കി തരുൺ സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് തുടരും. ചിത്രത്തിന്റെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാലും സിനിമയുടേതായി പുറത്തുവിടുന്ന അപ്ഡേറ്റുകൾക്കും വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. മോഹൻലാലിൻറെ രണ്ട് വ്യത്യസ്ത യോണറിലുള്ള ചിത്രങ്ങളാണ് ഈ വർഷം പുറത്തിറങ്ങാനിരിക്കുന്നത്.
എമ്പുരാനിൽ അതിശക്തനായ ഖുറേഷി അബ്റാമായി മോഹൻലാൽ എത്തുമ്പോൾ തുടരും എന്ന സിനിമയിൽ നടൻ ടാക്സി ഡ്രൈവറായ ഷൺമുഖം എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇരു സിനിമകളിലും തീർത്തും വൈവിധ്യമാർന്ന കഥാപാത്രങ്ങളായി നടൻ എത്തുമ്പോൾ അത് ആരാധകർക്ക് ഇരട്ടി സന്തോഷത്തിനുള്ള വക നൽകുന്നുണ്ട്. മാർച്ച് 27 നാണ് എമ്പുരാൻ റിലീസ് ചെയ്യുന്നത്. മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടും, ലൂസിഫർ എന്ന സിനിമയുടെ വമ്പൻ വിജയവും ഉൾപ്പടെ എമ്പുരാന് ഹൈപ്പ് കൂട്ടുന്ന കാര്യങ്ങൾ നിരവധിയാണ്. എന്നാൽ തുടരും മെയ് മാസത്തിൽ എത്തുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.