എട്ട് മാസം മുൻപ് രക്തം ഉറഞ്ഞുപോയ നൂറുകണക്കിന് ജീവിതങ്ങളായിരുന്നു അവരുടേത്. ആ ജീവിതങ്ങളിൽ പുഞ്ചിരി തളിരിട്ട ദിനമായിരുന്നു വ്യാഴാഴ്ച്ച. ഒരിക്കലും തിരികെ കിട്ടില്ലെന്ന് കരുതിയിരുന്ന പഴയ ജീവിതം പതുക്കെയെങ്കിലും തിരിച്ചു വരുന്നതിന്റെ ആഹ്ലാദ തെളിച്ചം അവരുടെ മുഖങ്ങളിൽ ദൃശ്യമായി. ‘ഒപ്പമുണ്ട് സർക്കാർ’ എന്നത് വെറും വാക്കല്ലെന്ന് വയനാട്, കല്പറ്റയിൽ, മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മാതൃക ടൗൺഷിപ്പ് പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിലേക്ക് ഇന്നലെ ഒഴുകിവന്ന നൂറുകണക്കിന് പേർ സാക്ഷ്യം പറഞ്ഞു.
കല്പറ്റ ബൈപ്പാസിന് സമീപം എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഏക്കറിൽ ഉയരുന്ന മാതൃക ടൗൺഷിപ്പ് പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങ് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ ആഹ്ലാദം വീണ്ടെടുക്കലിന്റെ വേദിയായി മാറി.
ഓർത്തെടുത്ത് ഗുണഭോക്താക്കളിൽ പലരും പരസ്പരം സംസാരിക്കുമ്പോൾ കണ്ഠമിടറി. പരസ്പരം കെട്ടിപ്പിടിച്ചു അവർ സന്തോഷം പങ്കുവെച്ചു. ജനിച്ച ഗ്രാമാന്തരീക്ഷം നഷ്ടമായതിന്റെ നീറ്റൽ ഉണ്ടെങ്കിലും കല്പറ്റ നഗര ഹൃദയത്തിൽ ഏഴ് സെന്റ് ഭൂമിയും അതിൽ 1000 ചതുരശ്ര അടി വിസ്തൃതിയിലുള്ള വീടും എല്ലാ സൗകര്യങ്ങളുമുള്ള ടൗൺഷിപ്പും ഏറെ പ്രതീക്ഷയോടെയാണ് ഗുണഭോക്താക്കൾ ഉറ്റുനോക്കുന്നത്.
മുണ്ടക്കൈയിലും ചൂരൽമലയിലും പുഞ്ചിരിമട്ടത്തും ജീവിച്ചപോലെ തന്നെ അതേ അയൽക്കാരും സുഹൃത്തുക്കളുമായി ടൗൺഷിപ്പിലും വേർപിരിയാതെ ഒന്നിച്ചു ജീവിക്കാൻ സാധിക്കുക എന്ന സ്വപ്‌നത്തിന്റെ കൂടി തറക്കല്ലിട്ടാണ് ഇന്നലെ അവർ എൽസ്റ്റൺ എസ്റ്റേറ്റിൽ നിന്ന് നിറവോടെ മടങ്ങിയത്.
ഒരു വൻ പ്രകൃതി ദുരന്തത്തെ ഇച്ഛാശക്തിയുള്ള സംസ്ഥാന സർക്കാർ ജനകീയ പിന്തുണയോടെ അതിജയിക്കുന്ന സുന്ദരമായ കാഴ്ച!
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ
റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു.
പട്ടികജാതി- പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു, രജിസ്ട്രേഷൻ, പുരാവസ്‌തു – പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, ടി സിദ്ദിഖ് എംഎൽഎ, പ്രിയങ്ക ഗാന്ധി എംപി,
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ വിശിഷ്ടാതിഥികളായി.
വയനാട് ടൗൺഷിപ്പ് പ്രോജക്ട് സ്പെഷൽ ഓഫീസർ എസ് സുഹാസ് പ്രൊജക്റ്റ് റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ ടി ജെ ഐസക്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബു, റവന്യൂ ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, മറ്റ് ഉന്നതതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ
എന്നിവർ പങ്കെടുത്തു.
ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സ്വാഗതവും ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ നന്ദിയും പറഞ്ഞു.
*ദുരന്ത പുനരധിവാസത്തില്‍ കേരളം ലോകത്തിന് മാതൃക*: *മന്ത്രി കെ. രാജന്‍*
*ദുരന്തബാധിതരെ പലതായി പിരിക്കില്ല*……….
*ടൗണ്‍ഷിപ്പില്‍ ഒരുമിച്ച് ജീവിക്കാം
ദുരന്ത പുനരധിവാസത്തില്‍ കേരളം ലോകത്തിന് മാതൃകയാണെന്ന് റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ലോകം കേരളത്തെ മാതൃകയാക്കും. ദുരന്തബാധിതരെ പലതായി പിരിക്കാതെ ഒരുമിച്ച് ജീവിക്കാന്‍ വീടൊരുക്കുകയാണ് ടൗണ്‍ഷിപ്പിലൂടെ. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടന്ന ടൗണ്‍ഷിപ്പ് ശിലാസ്ഥാപന പരിപാടിയില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിറഞ്ഞ മനസോടെയാണ് നാം ഒത്ത് ചേര്‍ന്നിരിക്കുന്നത്. കാലമെത്ര കഴിഞ്ഞാലും ജൂലൈ 30 മായാതെ മനസിലുണ്ടാവും. ജാതി-മത-വര്‍ണ്ണ വ്യത്യാസമില്ലാതെ ദുരന്ത നിവാരണത്തില്‍ നാം ഒന്നായി ചേര്‍ന്ന് പ്രവര്‍ത്തിച്ചത് ലോകം കണ്ടതാണ്. അപ്രതീക്ഷിത ദുരന്തത്തില്‍ ചൂരല്‍മലക്ക് നഷ്ടപ്പെട്ടത് തിരികെപിടിക്കാനാണ് ഒറ്റകെട്ടായ് നാം മുന്നിട്ടിറങ്ങുന്നത്. നഷ്ടപ്പെട്ട ഭൂമി, കൃഷി, സ്‌കൂള്‍, റോഡ്, പാലം, കെട്ടിടം എന്നിവ പുനര്‍നിര്‍മ്മിക്കും. ദുരന്തത്തില്‍ നഷ്ടപ്പെട്ടവയില്‍ തിരിച്ച് പിടിക്കാന്‍ സാധ്യമാവുന്നതെല്ലാം അനുഭവങ്ങളിലൂടെ തിരിച്ച് നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ദുരന്ത പ്രദേശത്തെ ഭൂമി നഷ്ടപ്പെടുത്തില്ല. കൃഷി-മൃഗ സംരക്ഷണ മേഖലയിലെ സാധ്യതകള്‍ കണ്ടെത്തി നടപ്പാക്കും. മൂന്നര കോടി ജനതയുടെ പിന്തുണയോടെയാണ് സര്‍ക്കാര്‍ ദുരന്ത നിവാരണ പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കിയത്. ദുരന്തത്തില്‍ അപ്രതീക്ഷിതമായി തനിച്ചായവരെ സര്‍ക്കാര്‍ ഒറ്റപ്പെടുത്തില്ലെന്നും അവസാന ദുരന്തബാധിതരെയും പുനരധിവസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.