തമിഴ്നാടിനോട് മോദിജിക്ക് എന്താണ് അലർജി’യെന്നു ചോദിച്ചും മുഖ്യമന്ത്രി സ്റ്റാലിന്റേത് രാജവാഴ്ചയെന്നു വിമർശിച്ചും കേന്ദ്ര–തമിഴ്നാട് സർക്കാരുകൾക്കെതിരെ വീണ്ടും ടിവികെ (തമിഴക വെട്രി കഴകം) അധ്യക്ഷൻ വിജയിന്റെ രൂക്ഷവിമർശനം.
നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിലാകുമെന്ന് അവകാശപ്പെട്ട വിജയ്, ആരെയും പേരെടുത്തു വിമർശിക്കാൻ പേടിയില്ലെന്നും സ്റ്റാലിനെയും നരേന്ദ്രമോദിയെയും ഉന്നമിട്ടു വ്യക്തമാക്കി. ടിവികെയുടെ ആദ്യ ജനറൽ കൗൺസിലിൽ ദ്വിഭാഷാ നയം ഉൾപ്പെടെ 17 ആവശ്യങ്ങളുള്ള പ്രമേയവും പാസാക്കി. അതിനിടെ, പ്രസംഗത്തിൽ കവി ടെന്നിസന്റെ വരികൾ വില്യം ബ്ലേക്കിന്റേതാണെന്നു തെറ്റിച്ചു പറഞ്ഞതിനെ കളിയാക്കി എതിരാളികൾ രംഗത്തെത്തി.
പതിവിലും ഗൗരവത്തോടെ വിജയ് പ്രസംഗിച്ചെങ്കിലും പാർട്ടി നേരിടുന്ന ആരോപണങ്ങൾ ഇല്ലാതാക്കാൻ അതുപോരെന്നു വിമർശകർ കുറ്റപ്പെടുത്തുന്നു. ടിവികെയിൽ ജില്ലാ ഭാരവാഹി നിയമനത്തിനായി കോഴവാങ്ങിയതിന്റെ തെളിവുസഹിതം ഒരുവിഭാഗം കഴിഞ്ഞദിവസം വാർത്താസമ്മേളനം നടത്തി. പാർട്ടി ജനറൽ സെക്രട്ടറി എൻ.ആനന്ദ് ആണ് അടുത്ത മുഖ്യമന്ത്രിയെന്ന പോസ്റ്ററുകളും പ്രചരിച്ചിരുന്നു.