പിഎസ്‌സി നടത്തിയ വകുപ്പുതല പരീക്ഷയിൽ ചോദ്യപേപ്പറിനു പകരം നൽകിയത് ഉത്തരസൂചിക. അബദ്ധംപറ്റിയതിനെ തുടർന്ന് ഇന്നു നടന്ന ഒന്നാം ഗ്രേഡ് സർവെയർ പരീക്ഷ പിഎസ്‌സി റദ്ദാക്കി. ഇരുന്നൂറോളം പേരാണ് പരീക്ഷ എഴുതാനുണ്ടായിരുന്നത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ രാവിലെ 9.30 മുതൽ 12.20 വരെയായിരുന്നു പരീക്ഷ. പരീക്ഷാർഥികളുടെ മുന്നിൽവച്ചു ചോദ്യപേപ്പർ കവർ പൊട്ടിച്ചപ്പോഴാണ് കവർ മാറിപ്പോയ വിവരം അറിയുന്നത്. ചോദ്യം തയാറാക്കിയവർക്കു പറ്റിയ അബദ്ധം മൂലമാണ് ചോദ്യപേപ്പറിനു പകരം ഉത്തരസൂചിക നൽകേണ്ടിവന്നത്. വൈകാതെ പുനഃപരീക്ഷ നടത്തുമെന്ന് പിഎസ്‌സി അധികൃതർ അറിയിച്ചു.
ചോദ്യത്തിന് പകരം ഉത്തരസൂചിക നൽകി പിഎസ്‌സി; പരീക്ഷ റദ്ദാക്കി
