പലതരം ഇൻഡോർ പ്ലാന്റുകള്‍ ഇന്ന് വിപണിയിലുണ്ട്. എന്നിട്ടും എന്തുകൊണ്ടായിരിക്കും മണി പ്ലാന്റ് തന്നെ ആളുകള്‍ തെരഞ്ഞെടുക്കുന്നത്. ഇതില്ലാത്ത വീടുകള്‍ ഇന്ന് അപൂർവ്വമാണെന്ന് തന്നെ പറയേണ്ടിവരും. കാരണം മണി പ്ലാന്റിന് വീടിന് ശാന്തതയും സമാധാനവും ശുദ്ധവായുവും നല്‍കാൻ സാധിക്കും. കൂടാതെ നിരവധി സവിശേഷതകളാണ് ഇതിനുള്ളത്. വീട്ടില്‍ നിർബന്ധമായും ഒരു മണി പ്ലാന്റ് എങ്കിലും ഉണ്ടായിരിക്കണമെന്ന് പറയുന്നതിന്റെ 3 പ്രധാന കാരണങ്ങള്‍ ഇതാണ്.
വായുവിനെ ശുദ്ധീകരിക്കുന്നു
വീടിനുള്ളില്‍ നിങ്ങള്‍ക്ക് ശ്വാസം മുട്ടുന്നതുപോലെ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണം ശുദ്ധമായ വായുവിന്റെ കുറവാണെന്ന് മനസ്സിലാക്കാം. അതിനാല്‍ തന്നെ മണി പ്ലാന്റ് വളർത്തിയാല്‍, ഇത് ചുറ്റുപാടുമുള്ള വിഷാംശമായ ഫോർമല്‍ഡിഹൈഡ്, ബെൻസീൻ, കാർബണ്‍ മോണോക്സൈഡ് എന്നിവയെ ഇല്ലാതാക്കുകയും വായുവിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ മണി പ്ലാന്റ് ഒരു എയർ ഫില്‍റ്ററാണെന്ന് പറയാൻ സാധിക്കും.
കുറഞ്ഞ പരിപാലനം
നമുക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ് ചെടികള്‍ വളർത്തുന്നുണ്ടെങ്കില്‍ അതിനനുസരിച്ചുള്ള പരിപാലനം അത്യാവശ്യമാണെന്നത്. ഇല്ലെങ്കില്‍ ചെടികള്‍ വാടി പോകാനും ഇല്ലാതാവാനുമൊക്കെ സാധ്യതയുണ്ട്. എന്നാല്‍ മണി പ്ലാന്റുകള്‍ നേരെ തിരിച്ചാണ്. ഇതിന് കൂടുതല്‍ പരിപാലനത്തിന്റെ ആവശ്യം വരുന്നില്ല. നേരിട്ടല്ലാത്ത ചെറിയ തോതിലുള്ള വെളിച്ചവും വളരെ കുറച്ച് വെള്ളവും മാത്രമാണ് മണി പ്ലാന്റിന് ആവശ്യം.
സ്‌ട്രെസ് കുറയ്ക്കുന്നു
പലരും പ്രകൃതിയിലേക്ക് ചേർന്നാണ് മാനസിക സമ്മർദ്ദം കുറയ്ക്കുന്നത്. ചിലർ പ്രകൃതി ഭംഗി ആസ്വദിക്കാൻ വേണ്ടി യാത്രകള്‍ പോകാറുണ്ട്. എന്നാല്‍ വീട്ടിനുള്ളില്‍ തന്നെ പച്ചപ്പ് നിറച്ചാല്‍ അത് നിങ്ങളുടെ നല്ല മനസികാവസ്ഥയ്ക്ക് കാരണമാകുന്നു. പച്ചപ്പിനാല്‍ ചുറ്റപ്പെട്ടാല്‍ അത് നിങ്ങളുടെ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത്തരത്തില്‍ വീട്ടിനുള്ളില്‍ തന്നെ സ്ട്രെസ് കുറയ്ക്കാൻ വളർത്തുന്ന ഒന്നാണ് മണി പ്ലാന്റ്