ഇന്ത്യയിലെ തന്നെ സമാനതകളില്ലാത്ത ഭവന പദ്ധതിയായി ലൈഫ് മിഷൻ മാറിയിരിക്കുന്നു എന്നും ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും സ്വാതന്ത്ര്യത്തിന് ശേഷം ഇത്ര ചുരുങ്ങിയ കാലയളവില്‍ ഇത്രയും വീടുകള്‍ നല്‍കിയിട്ടില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ലൈഫ് പദ്ധതിയുടെ ഭാഗമായി ഇതുവരെ നാല് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി ഒരുന്നൂറ്റി അമ്പത്തിയൊൻപത് പേർക്കുള്ള വീട് നിർമ്മാണം പൂർത്തിയാക്കി. ഒരു ലക്ഷത്തി പതിനൊന്നായിരത്തി തൊള്ളായിരത്തി അൻപത് വീടുകളുടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്നു. ആകെ അഞ്ച് ലക്ഷത്തി നാല്‍പ്പത്തി നാലായിരത്തി തൊള്ളായിരത്തി അമ്പത്തിയൊൻപത് വീടുകളാണ് ലൈഫ് മിഷൻ പദ്ധതിയില്‍ ഇതുവരെ അനുവദിച്ചത്. ഭവന നിർമ്മാണത്തിനായി ഒരു ഗുണഭോക്താവിന് നാല് ലക്ഷം രൂപയാണ് കേരളം കൊടുക്കുന്നത്. പട്ടിക വർഗ്ഗ സങ്കേതത്തില്‍ ആണെങ്കില്‍ ആറ് ലക്ഷം രൂപ നല്‍കുന്നു. ഇന്ത്യയില്‍ ഒരു സംസ്ഥാനവും ഈ തുകയുടെ പകുതി പോലും നല്‍കുന്നില്ല. ഭവന നിർമ്മാണത്തിനായി പ്രധാൻമന്ത്രി ആവാസ് യോജന നല്‍കുന്നത് ഒരു ഗുണഭോക്താവിന് 72,000 രൂപയാണ്. ഇതുവരെ 34000 പേർക്കാണ് പിഎംഎവൈ വഴി ഫണ്ട് നല്‍കിയത്. കേരളം ഇതുവരെ വീടില്ലാത്തവർക്കായി 18,800 കോടി രൂപ ചിലവഴിച്ചു. അതില്‍ കേന്ദ്രത്തിന്റെ വിഹിതം 2081 കോടി രൂപയും ഉള്‍പ്പെടുന്നു. ബാക്കി പണം സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പിന്നെ വായ്പയുമായി എടുത്തതാണ്.
ലൈഫ് മിഷൻ സമാനതകളില്ലാത്ത ഭവന പദ്ധതി ; എം.ബി രാജേഷ്
