എഐ കാരണമുള്ള തൊഴിൽനഷ്ടം: സർവേ നടത്താൻ കർണാടക

ബെംഗളൂരു: നിർമിതബുദ്ധി (എഐ) കാരണമുള്ള തൊഴിൽനഷ്ടത്തെക്കുറിച്ചു പഠിക്കാൻ കർണാടക സർക്കാർ സർവേ നടത്തുന്നു. ഐടി വകുപ്പിന്റെ നേതൃത്വത്തിലുള്ള സർവേ 27-ന് ആരംഭിക്കും. ഐടി അടക്കം വിവിധമേഖലകളിലെ വിദഗ്ധർ, കമ്പനികളിലെ മാനവവിഭവശേഷി വിഭാഗം മേധാവികൾ, അക്കാദമികരംഗത്തെ വിദഗ്ധർ, എഐ വിദഗ്ധർ തുടങ്ങിയവരിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. പുതിയ ഐടി നയം തയ്യാറാക്കുന്നതിന് മുന്നോടിയായിട്ടാണ് സർവേ.

 

എഐ ഉപയോഗം വ്യാപകമാക്കുമ്പോൾ തൊഴിൽ രംഗത്തുണ്ടാകുന്ന മാറ്റങ്ങൾ, വെല്ലുവിളികൾ എന്നിവ നേരിടുന്നത് എങ്ങനെയായിരിക്കണമെന്ന് കണ്ടെത്താൻ സർവേ ഉപകരിക്കുമെന്നാണ് സർക്കാരിന്റെ കണക്കൂട്ടൽ.

എഐ വ്യവസായരംഗത്തെ ഉടച്ചുവാർക്കുമ്പോൾ സംസ്ഥാനത്തെ തൊഴിൽമേഖല പിന്നിലാകാതിരിക്കാനാണ് പഠനം നടത്തുന്നതെന്ന് ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. പുതിയ തൊഴിൽമേഖലയുടെ ആവശ്യം തിരിച്ചറിയുകയും അതിനനുസരിച്ച് നൈപുണിവികസനം നടപ്പാക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

ഐടി അടക്കമുള്ള മേഖലകളിൽ എഐയും ഓട്ടമേഷനും വലിയ തൊഴിൽനഷ്ടമുണ്ടാക്കുമെന്നാണ് കരുതുന്നത്. ലോകത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട ഐടി ഹബ്ബുകളിൽ ഒന്നായ ബെംഗളൂരുവിനെ ഇത് വലിയരീതിയിൽ ബാധിക്കും.

നഗരത്തിൽ 10 ലക്ഷത്തിലേറെ ഐടിക്കാർ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്കുകൾ. എഐയുടെ കാര്യത്തിലും ബെംഗളൂരു ഏറെ മുന്നിലാണ്. ഒരുലക്ഷത്തോളം എഐ വിദഗ്ധർ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇവരിൽനിന്നടക്കം വിവരങ്ങൾ ശേഖരിക്കും. സർവേയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും സർക്കാർ ഉറപ്പുനൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights