നൈപുണ്യ വികസനത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുകയാണ് കേരളം; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഉദ്യോഗാര്‍ഥികള്‍ക്ക് സുരക്ഷിതവും സുതാര്യവുമായ വിദേശ കുടിയേറ്റം ഉറപ്പാക്കുകയും പ്രാദേശികമായി മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ പുരോഗതിയും ഭാവി പരിപാടികളും മന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവായി കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിനെ (കെയ്സ്) മാറ്റുന്നതിനായുള്ള 25 സുപ്രധാന കര്‍മപദ്ധതികളാണ് പ്രഖ്യാപിച്ചത്.കേരള ടൂറിസം ഗൈഡ്

നൈപുണ്യ പരിശീലന രംഗത്ത് ഒരു ഏകജാലക സംവിധാനമെന്ന നിലയില്‍ ‘സ്‌കില്‍ സെക്രട്ടറിയേറ്റ്’ രൂപീകരിച്ചു. രാജ്യത്താദ്യമായി ജനകീയ ആസൂത്രണ മാതൃകയില്‍ വികേന്ദ്രീകൃത നൈപുണ്യ വികസന പദ്ധതി നടപ്പിലാക്കാനും തീരുമാനമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഓരോ ജില്ലയ്ക്കും പ്രത്യേക ആസൂത്രണ നയം രൂപീകരിക്കും. ഇതിന്റെ ഭാഗമായി ജില്ലാതല നയത്തിന്റെ ഉദ്ഘാടനം ഉടന്‍ തിരുവനന്തപുരത്ത് നടക്കും. സംസ്ഥാനത്തെ എല്ലാ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെയും കോഴ്സുകളെയും ഉള്‍പ്പെടുത്തി സമഗ്ര വിവരശേഖരം തയ്യാറാക്കിയതായു മന്ത്രി പറഞ്ഞു.

ഗുണനിലവാരവും അക്രഡിറ്റേഷനും

മികച്ച സ്വകാര്യ സ്ഥാപനങ്ങളെ അക്രഡിറ്റ് ചെയ്യുന്നതിനായി പോളിസി രൂപീകരിച്ചു. ആദ്യഘട്ടത്തില്‍ ഇരുന്നൂറ് സ്ഥാപനങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കും. ഗുണനിലവാരം ഉറപ്പാക്കാന്‍ എസ്‌സിവിറ്റിയെ എസ്‌സിവിഇറ്റിയായി പുനഃസംഘടിപ്പിച്ചു.മികച്ച സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഗുണമേന്മ മുദ്ര നല്‍കും. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഉടന്‍ നടക്കും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന കേന്ദ്രങ്ങള്‍

തിരുവനന്തപുരത്ത് മൈഗ്രേഷന്‍ ഫെസിലിറ്റേഷന്‍ സെന്ററോടു കൂടി സ്‌കില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള കരാര്‍ തയ്യാറായി. എന്‍എസ്ഡിസി, കൊച്ചി മെട്രോ എന്നിവയുമായി സഹകരിച്ച് കൊച്ചിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെട്രോ ആന്‍ഡ് റെയില്‍ ടെക്നോളജി (ഐഎം ആന്റ് ആര്‍റ്റി) ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. കൊച്ചിയില്‍ തുടങ്ങുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ ലാംഗ്വേജസ് രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. കൊട്ടാരക്കരയില്‍ എന്‍ഐഇഎല്‍ഐറ്റിയുമായി സഹകരിച്ച് ഇന്നൊവേഷന്‍ ആന്‍ഡ് റിസര്‍ച്ച് പാര്‍ക്ക് സ്ഥാപിക്കും. ഇതിന്റെ ട്രാന്‍സിറ്റ് ക്യാമ്പസ് ഏഴുകോണില്‍ ഉദ്ഘാടനം ചെയ്യും.

തൊഴില്‍ വിപണിയും വിവരശേഖരണവും

മനുഷ്യ വിഭവശേഷി സര്‍വ്വേ: എല്ലാ നിയസഭാ മണ്ഡലങ്ങളിലും സമഗ്ര സര്‍വ്വേ നടത്തും. മാതൃകാ പഠനം ഫെബ്രുവരി 16-ന് നേമം മണ്ഡലത്തില്‍ ആരംഭിക്കും.

എന്‍സിവിഇറ്റി അംഗീകാരം: 2026 മാര്‍ച്ചോടെ കെയ്സിന് എന്‍.സി.വി.ഇ.റ്റി. ഡ്യുവല്‍ റെക്കഗ്നിഷന്‍ ബോഡി എന്ന അംഗീകാരം ലഭിക്കും.

റിക്രൂട്ട്മെന്റ് ലൈസന്‍സ്: വിദേശ തൊഴില്‍ ചൂഷണം തടയാന്‍ കെയ്സ് നേരിട്ട് റിക്രൂട്ട്മെന്റ് നടത്തും. ഇതിനുള്ള ലൈസന്‍സ് ഈ മാസം ലഭിക്കും.

ആഗോള പങ്കാളിത്തം (ജര്‍മ്മനി ആന്റ് ഓസ്ട്രിയ)

ഗോഥെ ഇന്‍സ്റ്റിറ്റ്യൂട്ട് കരാര്‍: ജര്‍മ്മന്‍ ഭാഷാ പഠനത്തിലെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഔദ്യോഗിക കരാര്‍ ഒപ്പിട്ടു.

എര്‍ഫോര്‍ട്ട് ചേംബര്‍ ഓഫ് ക്രാഫ്റ്റ്സ് : തിരുവനന്തപുരത്ത് ജര്‍മ്മന്‍ ഡ്യൂവല്‍ എഡ്യൂക്കേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് ഉടമ്പടി മാര്‍ച്ചില്‍ ഒപ്പിടും.

നൈപുണ്യോത്സവം 2026: ജനുവരി 31-ന് നടന്ന മത്സരങ്ങളില്‍ നിന്ന് മുന്നൂറ്റിയൊന്ന് പേര്‍ തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത നൈപുണ്യോത്സവം ഒക്ടോബറില്‍ നടക്കും.

യുഎന്‍ യൂണിവേഴ്സിറ്റി പഠനം: ലോക ബാങ്ക് ഗ്രാന്റോടെ സംസ്ഥാനത്തെ തൊഴില്‍ മേഖലയിലെ മാറ്റങ്ങളെക്കുറിച്ച് രണ്ടു വര്‍ഷത്തെ പഠനം നടത്തും.

സിസ്റ്റര്‍ സ്റ്റേറ്റ് ബന്ധം: ജര്‍മ്മനിയിലെ ഹെസ്സന്‍ സംസ്ഥാനവുമായി സഹോദര സംസ്ഥാന പങ്കാളിത്ത കരാര്‍ മാര്‍ച്ചില്‍ ഒപ്പിടും.

നെക്സ്റ്റ്ജെന്‍ പ്രോഗ്രാം: ജര്‍മ്മനിയിലെ നെക്സ്റ്റ്ജെന്‍ സ്റ്റാര്‍ട്ടപ്പ് ഫാക്ടറിയുമായി ചേര്‍ന്ന് ഒമ്പതിനായിരം കോടിയുടെ നിക്ഷേപവും മുന്നൂറ് ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകളും കൊണ്ടുവരും.

ഇന്‍ഡോ-ജര്‍മ്മന്‍ ട്രേഡ് ഫെയര്‍ (ഐജിറ്റിഎഫ്): 2026 മാര്‍ച്ചില്‍ നടത്തുന്ന മേളയിലൂടെ അഞ്ഞൂറ് പേര്‍ക്ക് ജര്‍മ്മനിയില്‍ പ്രതിമാസം ഒരു ലക്ഷത്തി എട്ടായിരം രൂപ സ്റ്റൈപ്പന്റോടെ പരിശീലനവും തൊഴിലും ഉറപ്പാക്കും.

ഓസ്ട്രിയന്‍ സഹകരണം: മാര്‍ച്ച് 26-ന് എത്തുന്ന ഓസ്ട്രിയന്‍ ഐടി പ്രതിനിധി സംഘത്തിന് മുന്നില്‍ കേരളത്തിലെ ഐടി പ്രൊഫഷണലുകളുടെ മികവ് അവതരിപ്പിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights