ഒന്നര വയസ്സുകാരന്റെ കൊലപാതകം: ‘അഷ്കറിനെതിരെ സമഗ്ര അന്വേഷണമുണ്ടാകും’; മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി അഷ്കറിനെതിരെ സമഗ്ര അന്വേഷണമുണ്ടാകുമെന്ന് വനിത ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. തുടർ ചികിത്സയ്ക്ക് ആവശ്യമായ സഹായങ്ങളുണ്ടാകും. മെഡിക്കൽ കോളജ് റിഹാബിലെറ്റേഷൻ സെന്ററിൽ അഷ്കറിന്റെ ആദ്യ ഭാര്യ ആമിനയെ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം. ട്വന്റിഫോർ എൻകൗണ്ടറിൽ മന്ത്രി ആമിനയെ നേരിട്ട് കാണുമെന്ന് ഉറപ്പ് നൽകിയിരുന്നു.

മുഖ്യപ്രതി അഷ്‌കറിന്റെ ആദ്യ ഭാര്യയായ ആമിന നേരിടേണ്ടി വന്ന ശാരീരിക പീഡനം, ചിറയിൻകീഴ് സ്വദേശിയായ യുവതിയുടെ മരണം തുടങ്ങിയ ആരോപണങ്ങളിൽ സമഗ്ര അന്വേഷണം ഉണ്ടാകുമെന്നാണ് മന്ത്രി ബിന്ദു കൃഷ്ണയുടെ ഉറപ്പ്. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാനുള്ള ഇടപെടൽ നടത്തും. സർക്കാർ ആമിനയ്ക്കും കുടുംബത്തിനുമൊപ്പമെന്നും പ്രതികരണം.സർക്കാരിന്റെ ഇടപെടലിൽ ആമിനയുടെ കുടുംബത്തിന് തൃപ്തിയുണ്ട്. മകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായം ആവശ്യമെന്നും പിതാവ് ഷെരീഫ് പറയുന്നു. മെഡിക്കൽ കോളേജിലെ റിഹാബിലിറ്റേഷൻ സെന്ററിൽ എത്തിയാണ് ആമിനയെ മന്ത്രി ബിന്ദു കൃഷ്ണ കണ്ടത്. പിന്നാലെ മരിച്ച ഒന്നര വയസ്സുകാരന്റെ അമ്മൂമ്മയെയും പിതാവിന്റെ വീട്ടിലും മന്ത്രി സന്ദർശനം നടത്തി. പിതാവിന്റെ വീട്ടിലാണ് കുഞ്ഞിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights