ദുബൈ: വനിതാ അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്ത് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ സ്മൃതി മന്ധാന. വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി സ്മൃതി മന്ധാനയ്ക്ക് സ്വന്തം. ഹോങ്കോങിനെതിരായ വനിതാ ഏഷ്യ കപ്പ് പോരാട്ടത്തില്‍ കിടിലന്‍ സെഞ്ച്വറി നേടിയാണ് സ്മൃതി റെക്കോര്‍ഡ് നേട്ടം അവിസ്മരണീയമാക്കിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ മിതാലി രാജിന്റെ റെക്കോര്‍ഡാണ് സ്മൃതി മറികടന്നത്.
മത്സരത്തില്‍ 64 പന്തില്‍ 7 സിക്‌സും 14 ഫോറും സഹിതം സ്മൃതി 124 റണ്‍സെടുത്തു. മിതാലി 10,868 റണ്‍സാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തമാക്കിയത്. സ്മൃതിയുടെ നേട്ടം 10,880ല്‍ എത്തി. മത്സരത്തില്‍ മറ്റ് നിരവധി നേട്ടങ്ങളും സ്മൃതി സ്വന്തം പേരില്‍ എഴുതി ചേര്‍ത്താണ് ക്രീസ് വിട്ടത്.
നേരത്തെ ഏഷ്യാ കപ്പിലെ ആദ്യ പോരാട്ടത്തില്‍ തായ്‌ലന്‍ഡിനെതിരായ മത്സരത്തില്‍ ഇറങ്ങിയപ്പോള്‍ തന്നെ 19 റണ്‍സെടുത്ത് സ്മൃതി പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. ന്യൂസിലന്‍ഡ് താരം സുസി ബെയ്റ്റ്‌സിനെ പിന്തള്ളിയാണ് റണ്‍ വേട്ടയില്‍ സ്മൃതി അന്ന് രണ്ടാം സ്ഥാനത്തെത്തിയത്. പിന്നാലെയാണ് ഹോങ്കോങിനെതിരെ സെഞ്ച്വറി നേടി മിതാലിയേയും പിന്തള്ളി നേട്ടത്തില്‍ തലപ്പത്തെത്തിയത്.
അന്താരാഷ്ട്ര വനിതാ ടി20യില്‍ സ്മൃതിയുടെ രണ്ടാമത്തെ സെഞ്ച്വറിയാണിത്. അന്താരാഷ്ട്ര ടി20യില്‍ 2 സെഞ്ച്വറികളുള്ള ആദ്യ ഇന്ത്യന്‍ താരമായി സ്മൃതി മാറി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന താരമെന്ന നേട്ടവും സ്മൃതി മത്സരത്തില്‍ നേടി. 18ാം അന്താരാഷ്ട്ര ശതകമാണ് ഇന്ത്യന്‍ ഓപ്പണര്‍ കുറിച്ചത്. 17 സെഞ്ച്വറികളുള്ള ഓസ്‌ട്രേലിയന്‍ താരം മെ?ഗ് ലാന്നിങ്, ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട് എന്നിവര്‍ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു ഇതുവരെ സ്മൃതി. ഹോങ്കോങിനെതിരായ ശതകത്തോടെ നേട്ടം സ്മൃതി ഒറ്റയ്ക്ക് സ്വന്തമാക്കി. ടെസ്റ്റിലും ടി20യിലും 2 വീതം സെഞ്ച്വറികളും ഏകദിനത്തില്‍ 14 സെഞ്ച്വറികളും സ്മൃതി ഇതുവരെ നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇം?ഗ്ലണ്ടിനെതിരായ ടി20യിലാണ് താരം കന്നി ടി20 അന്താരാഷ്ട്ര സെഞ്ച്വറി നേടിയത്. 112 റണ്‍സാണ് അന്ന് സ്വന്തമാക്കിയത്.
വനിതാ ഏഷ്യാ കപ്പ് ടി20 ചരിത്രത്തില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തി?ഗത സ്‌കോര്‍ (124 റണ്‍സ്) എന്ന റെക്കോര്‍ഡും ഈ ഇന്നിങ്‌സിലൂടെ സ്മൃതി സ്വന്തം പേരിലാക്കി. 2024ലെ ഏഷ്യാ കപ്പില്‍ ശ്രീലങ്ക ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടു മലേഷ്യക്കെതിരെ നേടിയ 119 റണ്‍സിന്റെ നേട്ടമാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ തകര്‍ത്തത്.
വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍
10,880- സ്മൃതി മന്ധാന
10,868- മിതാലി രാജ്
10,740- സുസി ബെയ്റ്റ്‌സ്
10,273- ഷാര്‍ലെറ്റ് ഏഡ്വേര്‍ഡ്‌സ്
10,007- സ്റ്റെഫാനി ടെയ്‌ലര്‍.









