Advertisement

അര്‍ജന്റീന താരം എന്‍സോ ഫെര്‍ണാണ്ടസ് മാഞ്ചെസ്റ്റര്‍ സിറ്റിയില്‍; കരാര്‍ 2031 വരെ

അര്‍ജന്റീനയുടെ യുവ മിഡ്ഫീല്‍ഡര്‍ എന്‍സോ ഫെര്‍ണാണ്ടസ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റിയുമായി 2031 വരെയുള്ള ദീര്‍ഘകാല കരാറില്‍ ഒപ്പുവെച്ചു. ചൊവ്വാഴ്ചയാണ് മാഞ്ചെസ്റ്റര്‍ സിറ്റി ക്ലബ് ഇക്കര്യം ഔദ്യോഗികമായി അറിയിച്ചത്. 2023 മുതല്‍ 2026 വരെയുള്ള കാലയളവില്‍ ചെല്‍സിയില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷമാണ് താരം മാഞ്ചെസ്റ്റര്‍ സിറ്റിയിലെത്തുന്നത്. ചെല്‍സിക്കൊപ്പം യുവേഫ കോണ്‍ഫറന്‍സ് ലീഗ്, 2025-ലെ ഫിഫ ക്ലബ് ലോകകപ്പ് എന്നിവ എന്‍സോ സ്വന്തമാക്കിയിരുന്നു. സ്വന്തം നാടായ അര്‍ജന്റീനയിലെ ഡിഫന്‍സ വൈ ജസ്റ്റിസിയ, റിവര്‍ പ്ലേറ്റ് എന്നീ ക്ലബുകളിലൂടെയാണ് എന്‍സോ കരിയര്‍ ആരംഭിച്ചത്. റിവര്‍ പ്ലേറ്റിനായി നാല് പ്രധാന കിരീടങ്ങള്‍ നേടി. തുടര്‍ന്ന് 2022-23 സീസണില്‍ പോര്‍ച്ചുഗീസ് ക്ലബായ ബെന്‍ഫിക്കയ്ക്കായി കളിച്ച താരം അവര്‍ക്ക് പ്രൈമിറ ലീഗ് കിരീടം നേടിക്കൊടുക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. ചെല്‍സിയിലെ പ്രകടനത്തിലൂടെ പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായി വളരാന്‍ എന്‍സോയ്ക്ക് സാധിച്ചു. അന്താരാഷ്ട്ര തലത്തില്‍ അര്‍ജന്റീനയ്‌ക്കൊപ്പം 2022-ലെ ഫിഫ ലോകകപ്പും 2024-ലെ കോപ്പ അമേരിക്കയും നേടിയ എന്‍സോ, സ്‌പെയിനിനെതിരായ 2026 ഫിഫ ലോകകപ്പ് ഫൈനലില്‍ റണ്ണേഴ്‌സ് അപ്പായ അര്‍ജന്റീന ടീമിലും അംഗമായിരുന്നു.’സമീപകാലത്ത് ഇംഗ്ലണ്ടിലെ ഏറ്റവും വിജയിച്ച ക്ലബാണ് മാഞ്ചസ്റ്റര്‍ സിറ്റി. ഇത്തരമൊരു ക്ലബിന്റെ ഭാഗമാകാന്‍ ഏതൊരു കളിക്കാരനും ആഗ്രഹിക്കും. സിറ്റി എത്രത്തോളം വ്യക്തമായ ആസൂത്രണത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം’ -കരാറിലെത്തിയ ശേഷം എന്‍സോ പറഞ്ഞു. ‘ഇവിടെയെത്താന്‍ കഴിഞ്ഞതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. സിറ്റിയുടെ കിരീടനേട്ടങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകാനുള്ള വെല്ലുവിളി ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്. വിജയിക്കാന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ട ഒരു ക്ലബാണിത്. പുതിയ ടീമംഗങ്ങളില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കാനും കൂടുതല്‍ മികച്ച കളിക്കാരനാകാനും ഞാന്‍ ആഗ്രഹിക്കുന്നു’ -എന്‍സോ കൂട്ടിച്ചേര്‍ത്തു. ‘കളി കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഞാന്‍ നിരന്തരം പരിശ്രമിക്കാറുണ്ട്. മൈതാനത്തും പരിശീലനത്തിലും എന്റെ നൂറു ശതമാനവും നല്‍കും. മാഞ്ചെസ്റ്റര്‍ സിറ്റിയിലും അത് തുടരുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. എന്നില്‍ വിശ്വാസമര്‍പ്പിച്ച ക്ലബ് അധികൃതര്‍ക്ക് നന്ദി അറിയിക്കുന്നു, ആ വിശ്വാസം എത്രയും വേഗം കളിക്കളത്തില്‍ കാത്തുസൂക്ഷിക്കും’ എന്‍സോ വ്യക്തമാക്കി.ലോകോത്തര കളിക്കാരെ ടീമിലെത്തിക്കുക എന്നത് മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ലക്ഷ്യമാണെന്നും എന്‍സോ ആ നിലവാരമുള്ള താരമാണെന്നും ക്ലബിന്റെ ഡയറക്ടര്‍ ഓഫ് ഫുട്‌ബോള്‍ ഹ്യൂഗോ വിയാന പറഞ്ഞു. സാങ്കേതിക തികവും കഠിനാധ്വാനവും ഗോളടിക്കാനുള്ള മികവുമുള്ള പൂര്‍ണനായ ഒരു മിഡ്ഫീല്‍ഡറാണ് എന്‍സോ എന്നും, താരത്തിന്റെ വരവ് ടീമിനെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights