കേരളത്തിൽ ഒരുപാട് മികച്ച ക്രിക്കറ്റ് താരങ്ങളുണ്ടെന്നും അവര്‍ക്കുള്ള മികച്ച അവസരമാണ് കെസിഎല്‍ പോലുള്ള ടൂര്‍ണമെന്റുകളെന്ന് വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍. കെസിഎല്‍ പോലുള്ള ടൂര്‍ണമെന്റുകളിലൂടെ താരങ്ങള്‍ ഉയര്‍ന്നുവരണമെന്നും ഗെയ്ല്‍ പറഞ്ഞു.കെസിഎല്ലുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയപ്പോഴായിരുന്നു ഗെയ്‌ലിന്റെ പ്രതികരണം. കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമ കൂടിയാണ് ഗെയ്ല്‍.മുന്‍പ് ഒരിക്കല്‍ കേരളത്തില്‍ വന്നിട്ടുണ്ട്. കേരളത്തിലേക്ക് തിരികെ എത്തിയതില്‍ ഒരുപാട് സന്തോഷം. ഒരു സുഹൃത്ത് വഴിയാണ് കെസിഎല്‍ ടീമിന്റെ ഭാഗമാകുന്നത്. ഒരുപാട് മികച്ച താരങ്ങള്‍ കേരളത്തില്‍ ഉണ്ട്. അവര്‍ക്കുള്ള മികച്ച അവസരമാണ് കെസിഎല്‍. ഇതുപോലുള്ള ടൂര്‍ണമെന്റുകളിലൂടെ അവര്‍ ഉയര്‍ന്നുവരണം’ ഗെയ്ല്‍ പറഞ്ഞു.
തന്റെ പുതിയ റോള്‍ ആസ്വദിക്കുന്നതായും ക്രിസ് ഗെയ്ല്‍ വ്യക്തമാക്കി. കളിക്കാരന്റെ കരിയര്‍ അവസാനിപ്പിച്ചശേഷവും ക്രിക്കറ്റുമായുള്ള ബന്ധം തുടരുന്നുണ്ട്. പുതിയ കളിക്കാരുടെ മെന്ററായി പ്രവര്‍ത്തിക്കും. താരങ്ങളുമായി അനുഭവങ്ങള്‍ പങ്കുവെക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നിരവധി പ്രതിഭകളുണ്ട്. കേരളത്തിലുമുണ്ട് മികച്ച താരങ്ങള്‍. ഐപിഎല്ലിലൂടെ അത് കാണുന്നുണ്ടെന്നും ഗെയ്ല്‍ പറഞ്ഞു.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30-ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സും തൃശ്ശൂര്‍ ടൈറ്റന്‍സുമായുള്ള മത്സരത്തിനു മുന്‍പ് ആരാധകര്‍ക്ക് വേണ്ടി ഗെയ്ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനവും ഉണ്ടായിരുന്നു.









