എനിക്ക് കഴിയില്ലെന്ന് കരഞ്ഞുപറഞ്ഞു,14 കിലോ കൂട്ടി പിന്നീട് കുറച്ചു; വെയ്റ്റ് ലോസ് യാത്രയെക്കുറിച്ച് നിമിഷ സജയൻ

ഹിന്ദി ചിത്രമായ ‘ബബിത സിങ് റിപ്പോർട്ടിങ്ങി’ലെ കഥാപാത്രത്തിനായി 14 കിലോയോളം ഭാരം വർധിപ്പിക്കുകയും തുടർന്ന് അത് കുറയ്ക്കുകയും ചെയ്തതിൻ്റെ അനുഭവങ്ങൾ പങ്കുവെച്ച് നടി നിമിഷ സജയൻ. 58 കിലോയിൽ നിന്ന് 72 കിലോയിലേക്ക് ഭാരം കൂട്ടിയ ശേഷമുള്ള വെയ്റ്റ് ലോസ് യാത്ര ഏറെ കഠിനമായിരുന്നുവെന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഭാരം കുറയ്ക്കുന്ന പ്രക്രിയയിലെ ആദ്യത്തെ പത്തുദിവസങ്ങൾ ഉറക്കമില്ലായ്മ, മൂഡ് സ്വിങ്സ്, കടുത്ത ക്ഷീണം, നിരാശ എന്നിവയാൽ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് നിമിഷ വെളിപ്പെടുത്തി.‘ഈ കഥാപാത്രത്തിനായി ഏകദേശം 14 കിലോ കൂട്ടിയിരുന്നു (58 കിലോയിൽ നിന്ന് 72 കിലോയിലേക്ക്). സത്യം പറഞ്ഞാൽ, തുടർന്നുള്ള ഭാരം കുറയ്ക്കൽ യാത്ര തികച്ചും വ്യത്യസ്തമായിരുന്നു. ആദ്യത്തെ പത്ത് ദിവസങ്ങളായിരുന്നു ഏറ്റവും കഠിനം. ശരിയായ ഉറക്കമില്ല, മൂഡ് സ്വിങ്സ്, ക്ഷീണം, നിരാശ… അങ്ങനെ എനിക്കിത് ചെയ്യാൻ കഴിയില്ലെന്ന് തോന്നിയ നിരവധി നിമിഷങ്ങൾ. എന്റെ പരിശീലകന്റെ മുന്നിൽലിരുന്നുകൊണ്ട് ‘എനിക്ക് ഇനി ഇത് ചെയ്യാൻ കഴിയില്ല’ എന്ന് കരഞ്ഞുപറഞ്ഞ ദിവസങ്ങളുണ്ടായിരുന്നു.ഉപേക്ഷിക്കുമായിരുന്നു. ഈ യാത്രയിലുടനീളം നിങ്ങൾ എനിക്ക് താങ്ങായിരുന്നു. എനിക്ക് അധിക സമ്മർദ്ദം തോന്നിയപ്പോൾ നിങ്ങൾ എന്നെ മുന്നോട്ട് നയിച്ചു, ഉപേക്ഷിക്കണമെന്ന് ഞാൻ ആഗ്രഹിച്ചപ്പോൾ എന്നെ പ്രോത്സാഹിപ്പിച്ചു, ഈ ഉദ്യമത്തിൽ ക്ഷമയോടെ വിശ്വസിക്കാൻ ‍എന്നെ ഓർമിപ്പിച്ചു. മോശം ദിവസങ്ങളിൽ നിങ്ങൾ എന്നെ ഒരിക്കലും ജ‍ഡ്ജ് ചെയ്തില്ല. എല്ലാ ദിവസവും നിങ്ങൾ എനിക്കൊപ്പം ഉണ്ടായിരുന്നു. ഞാൻ നിരാശയായി ക്ഷീണിതയായി, ഇത് ഉപേക്ഷിക്കാൻ തയ്യാറായിനിന്ന ദിവസങ്ങളുണ്ടായിരുന്നു. പക്ഷേ എങ്ങനെയോ.. അടുത്ത ദിവസം വീണ്ടും പ്രയത്നിക്കുന്നതിനായി എന്നെ പ്രേരിപ്പിക്കാൻ നിങ്ങൾ എപ്പോഴും ഒരു വഴി കണ്ടെത്തി.തിരിഞ്ഞു നോക്കുമ്പോൾ, ഭാരം കുറയ്ക്കുക എന്നത് മാത്രമായിരുന്നില്ല ഈ യാത്രയെന്ന് എനിക്ക് മനസ്സിലാകുന്നു. ക്ഷമ, വിശ്വാസം അതിനേക്കാളുപരിയായി നിങ്ങളുടെ അരികിൽ ശരിയായ വ്യക്തി ഉണ്ടായിരിക്കുക എന്നിവയൊക്കെ പ്രധാനമാണ് എന്ന് എനിക്ക് മനസ്സിലായി.നിങ്ങൾ എന്റെ പോരാട്ടം വളരെ എളുപ്പമാക്കി. എന്റെ ഏറ്റവും നല്ല പരിശീലകനും എന്റെ ഏറ്റവും വലിയ ചിയർ ലീഡറും എന്റെ പിന്തുണാ സംവിധാനവും നിങ്ങളാണ്. ഞാൻ എന്നിൽ വിശ്വസിക്കാതിരുന്ന ദിവസങ്ങളിൽ പോലും എന്നിൽ വിശ്വസിച്ചതിന് ഷിഫുക്കയ്ക്ക് നന്ദി. നിങ്ങൾ ഇല്ലാതെ ഇത് ചെയ്യാൻ കഴിയുമായിരുന്നില്ല.’ നിമിഷ സജയൻ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights