കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മൂന്ന് ദിവസത്തോളം അവിശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ആറു വയസുകാരിയെ രക്ഷപ്പെടുത്തി. റാസുവ ജില്ലയിലാണ് സംഭവം. മണ്ണിനടിയില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് കൈപ്പിടിച്ച് കയറ്റിയതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ഭോട്ടെ കോശി നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തവേ സായുധ പൊലീസ് സംഘമാണ് കുട്ടിയെ കണ്ടെത്തിയത്. ടിമൂര്‍ എന്ന പ്രദേശത്ത് മണ്ണിനടയില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേട്ടതാണ് രക്ഷാപ്രവര്‍ത്തകര്‍ ശ്രദ്ധിക്കാന്‍ കാരണം.
ശനിയാഴ്ച കുട്ടിയെ കാഠ്മണ്ഡുവിലെത്തിച്ചു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രഥമശുശ്രൂഷ നല്‍കിയ ശേഷം കുട്ടിയുടെ അവസ്ഥ മോശമായതിനെ തുടര്‍ന്നാണ് എയര്‍ലിഫ്റ്റ് ചെയ്ത് തലസ്ഥാനത്തേക്ക് മാറ്റിയത്. എന്നാല്‍ ദുഷ്‌കരമായ കാലാവസ്ഥ മൂലം കുട്ടിയെ ശനിയാഴ്ച ഉച്ചയോടെയാണ് ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞത്. അവശിഷ്ടങ്ങളെല്ലാം ശ്രദ്ധയോടെ മാറ്റി സുരക്ഷിതമായാണ് കുട്ടിയെ പുറത്തെത്തിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.









