ഒടുവില്‍ സമാധാനത്തിലേക്കോ? കരാറിലേക്ക് അടുക്കുന്നുവെന്ന സൂചന നല്‍കി യുഎസും ഇറാനും

തെഹ്‌റാന്‍/വാഷിംഗ്ടണ്‍: മാസങ്ങളായി നീണ്ടുനില്‍ക്കുന്ന അനിശ്ചിതത്തിന് ഒടുവില്‍ യുഎസും ഇറാനും യുദ്ധം അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന് സൂചന നല്‍കി അമേരിക്കൻ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. ഇരുവിഭാഗങ്ങളും കരാറിലെ വ്യവസ്ഥകള്‍ അംഗീകരിച്ചെന്നും വരും ദിവസങ്ങളില്‍ ഒപ്പിടുമെന്നുമാണ് അമേരിക്കൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റോയിട്ടേഴ്സ് റിപ്പോർട്ട്. അതേസമയം ഇനിയും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം. ഈ പോരാട്ടത്തിലൂടെ ഇറാന്‍ എത്ര ശക്തമായി ഉയര്‍ന്നുവന്നുവെന്നാണ് നിലവിലെ കരാര്‍ ചൂണ്ടിക്കാട്ടുന്നതെന്നും അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. യുഎസുമായുള്ള പോരാട്ടത്തില്‍ ഇറാനാണ് വിജയി എന്നും ഔദ്യോഗിക ടെലിവിഷനില്‍ സംസാരിക്കവെ അരാഗ്ചി പ്രതികരിച്ചു.പുതിയ ധാരണാപത്രത്തില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കുക, ഇറാനിയന്‍ തുറമുഖങ്ങളിലെ യുഎസ് നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങളെന്ന് ഇരുവിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സമ്മതിക്കുന്നുണ്ട്. ഇറാന്റെ ആണവായുധ നിർമ്മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അതിന് ശേഷം നടക്കുമെന്നുമാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ട്രംപിന്റെ ലക്ഷ്യങ്ങളെല്ലാം കൃത്യമായി നടപ്പിലാക്കാന്‍ കഴിയുന്ന കരാറാണെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുമ്പോള്‍ മറുഭാഗം ഇറാന് അനുകൂലമായ പല വ്യവസ്ഥകളെന്നും പറയുന്നുണ്ട്.ഇറാന്‍ ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്നതിന് പകരമായി ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കാനും എണ്ണ കയറ്റുമതിക്ക് മേലുള്ള ഇറാന്റെ ഉപരോധം അവസാനിപ്പിക്കാനും യുഎസ് സമ്മതിക്കുമെന്നതാണ് കരട് കരാറില്‍ പറയുന്നതെന്നാണ്. രണ്ടുമാസത്തോളം (60ദിവസം)നീണ്ടു നില്‍ക്കുന്ന ചര്‍ച്ചയില്‍ ആണവ പ്രോഗ്രാമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കും. ഇറാന്റെ ആണവ പദ്ധതി വേണ്ടെന്നുവയ്ക്കാനുള്ള തീരുമാനത്തിലെത്തുമെന്ന പ്രതീക്ഷയാണ് യുഎസ് ഉദ്യോഗസ്ഥര്‍ മുന്നോട്ടുവയ്ക്കുന്നത്. അതേസമയം ഈ തീരുമാനത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഔദ്യോഗിക ടെലിവിഷനില്‍ സംസാരിക്കുമ്പോള്‍ അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയിട്ടുണ്ട്. ആണവനിലയങ്ങളിലേക്ക് ഉപയോഗിക്കാവുന്ന ചെറിയ നിലയിൽ സമ്പുഷ്ടീകരിച്ച യുറേനിയമായി സൂക്ഷിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights