‘എങ്കെയൊളിന്താലും വിടമാട്ടെ’- തമിഴ്‌നാട് സ്വദേശികളായ മാല കവര്‍ച്ചാസംഘാംഗങ്ങളെ കര്‍ണാടകയില്‍ നിന്ന് പൊക്കി വയനാട് പോലീസ്

 

– പിടികൂടിയത് കര്‍ണാടകയിലെ മല്‍പേയില്‍ നിന്ന്
– മാല കവര്‍ച്ചാ കേസുകളില്‍ ജില്ലയില്‍ പിടിയിലായവരുടെ എണ്ണം ഇതോടെ പത്തായി.

തിരുനെല്ലി: ജില്ലയെ മുഴുവന്‍ ആശങ്കയിലാഴ്ത്തി മുങ്ങിയ മാല കവര്‍ച്ചാസംഘത്തിലെ മൂന്ന് പേരെ കൂടി പിന്തുടര്‍ന്ന് വലയിലാക്കി വയനാട് പോലീസ്. തമിഴ്നാട് സേലം, അമ്മപ്പേട്ട് സ്വദേശികളായ വള്ളിയമ്മ എന്ന ബിന്ദു(47), ദേവി എന്ന തിലോത്തമ(53), മധുര, മുത്തുപ്പട്ടി പൊന്നി(39) എന്നീ മൂന്ന് സ്ത്രീകളെയാണ് കര്‍ണാടകയിലെ മല്‍പേ ബീച്ചില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. കേരളത്തിലും തമിഴ്‌നാടിലും കര്‍ണാടകയിലും ആന്ധ്രപ്രദേശിലുമെല്ലാം വ്യാപിച്ചു കിടക്കുന്ന പിടിച്ചുപറി സംഘത്തില്‍പെട്ട ഇവരെ വയനാട് ജില്ലാ പോലീസ് മേധാവി ദേവമനോഹര്‍ ഐപിഎസിന്റെ കീഴിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡാണ് (SAGOC) വലയിലാക്കിയത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകള്‍ ഇവര്‍ക്കെതിരെ നിലവിലുണ്ട്. തിരുനെല്ലി അമ്പലത്തില്‍ കര്‍ക്കിട വാവുബലിക്കായെത്തിയ സ്ത്രീയുടെ സ്വര്‍ണമാല കവര്‍ന്ന കേസിലാണ് ഇവരെയിപ്പോള്‍ പിടികൂടിയിരിക്കുന്നത്. മാല കവര്‍ച്ചാ കേസുകളില്‍ ജില്ലയില്‍ പിടിയിലായവരുടെ എണ്ണം ഇതോടെ പത്തായി.

12.08.2026 തീയതി രാവിലെയാണ് തിരുനെല്ലി അമ്പലത്തില്‍ കര്‍ക്കിട വാവുബലിക്കായെത്തിയ സ്ത്രീയുടെ ഒന്നേ മുക്കാല്‍ പവന്റെ സ്വര്‍ണമാല അന്നദാന മണ്ഡപത്തില്‍ നിന്ന് ഇവര്‍ കവര്‍ന്നത്. തൊട്ടടുത്തുണ്ടായിരുന്ന പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തുനിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു അന്വേഷണം നടത്തി. കവര്‍ച്ചാ സംഘം ജില്ലയില്‍ കറങ്ങിനടക്കുന്നുണ്ടെന്ന ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചും സാമൂഹിക മാധ്യമങ്ങളിലൂടെയും ജനങ്ങള്‍ക്ക് മുന്നറിയിപ്പ നല്‍കുകയും എല്ലായിടത്തും വ്യാപക തിരച്ചില്‍ നടത്തുകയും ചെയ്തു.

കൂട്ടായും ചെറിയ സംഘങ്ങളായി തിരിഞ്ഞും ജനങ്ങള്‍ കൂടുന്ന ഉത്സവങ്ങള്‍, മറ്റു ആഘോഷങ്ങള്‍, തിരക്കുള്ള ബസുകള്‍ എന്നിവടങ്ങളില്‍ കവര്‍ച്ച് നടത്തുന്നതാണ് ഇവരുടെ രീതി. പുരുഷന്മാര്‍ പോക്കറ്റടിച്ച് പണം കവരുകയും, സ്ത്രീകള്‍ സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങള്‍ പൊട്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്. പൊട്ടിച്ചെടുക്കുന്ന വസ്തുക്കള്‍ നിമിഷനേരം കൊണ്ട് കൈമാറി പലരിലേക്കും എത്തുന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി കേരളത്തില്‍ നല്ല തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ വ്യാപകമായി മോഷണം നടത്താന്‍ പദ്ധതിയിട്ട് വന്ന ഈ സംഘത്തിലെ കുറച്ചുപേരെ പോലീസ് പിടികൂടിയിരുന്നു. അതോടെ വ്യാപക മോഷണമെന്ന ഇവരുടെ പദ്ധതി പാളി. തുടര്‍ന്ന് കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് ഇവര്‍ ചേക്കേറി. എന്നാല്‍ തിരുനെല്ലി കര്‍ക്കിടക വാവുബലിയോട് അനുബന്ധിച്ച് വയോധികയുടെ മാല പൊട്ടിച്ചെടുത്ത ഇവരെ വയനാട് പോലീസ് പിന്തുടര്‍ന്നുകൊണ്ടിരുന്നു.

ശാസ്ത്രീയമായി തെളിവുകള്‍ ശേഖരിച്ച് സ്‌പെഷ്യല്‍ സ്‌ക്വാഡ് (SAGOC) വ്യാപകമായ അന്വേഷണം നടത്തിക്കൊണ്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ചെന്നൈയിലെത്തിയ പോലീസ് ടീം വിനായക ചതുര്‍ഥി മഹോത്സവത്തിന്റെ ഭാഗമായി വ്യാപകമായി മോഷണം നടത്താന്‍ പദ്ധതിയിട്ട് ഇവര്‍ കര്‍ണാടകയിലെ മംഗലാപുരത്തേക്ക് നീങ്ങിയതായി കണ്ടെത്തി. വിവരം കിട്ടിയ ഉടനെ തന്നെ മറ്റൊരു ടീം മംഗലാപുരത്തേക്ക് തിരിച്ചു. മംഗലാപുരത്തുനിന്നും ഇവര്‍ ഉടുപ്പിയിലേക്ക് പോയതായി മനസ്സിലാക്കി ഉടുപ്പിയിലും പരിസരപ്രദേശങ്ങളിലും വയനാട് പോലീസ് വേഷം മാറി തിരഞ്ഞുകൊണ്ടിരുന്നു. കര്‍ണാടകയിലെ മല്‍പേ ബീച്ചിനടുത്ത് ഇവരുടെ സാന്നിധ്യം മനസ്സിലാക്കി പരിസരപ്രദേശത്തെ ഹോട്ടലുകളും ഹോംസ്റ്റേകളും പൊതു ഇടങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലാക്കി. തുടര്‍ന്ന് മല്‍പേ ബീച്ചിനടുത്തു വെച്ച് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഉഡുപ്പിയിലും പരിസരപ്രദേശത്തും നടന്ന സ്‌നാച്ചിങ് കേസുകളിലും ഇവര്‍ ഉള്‍പ്പെട്ടതായി മനസ്സിലായിട്ടുണ്ട്. പോലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്തു വരുന്നു. കർണാടകയിലെ വിനായക ചതുർത്തി മഹോത്സവം, കേരളത്തിലെ ഓണാഘോഷം എന്നിവ മുൻനിർത്തി പദ്ധതിയിട്ട ഇവരുടെ വൻ കവർച്ചാ ശ്രമമാണ് വയനാട് പോലീസിന്റെ സമയോചിതമായ ഇടപെടലോടുകൂടി തകർത്തത്.

മാനന്തവാടി എ.എസ്.പി വി. കാര്‍ത്തിക് ഐ.പി.എസിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ബിജു വര്‍ഗീസ്, പോലീസ് ഉദ്യോഗസ്ഥരായ കെ.കെ. വിപിന്‍, ഷാലു ഫ്രാന്‍സിസ്, പി.ബി. അജിത്ത്, രജീഷ്, ശ്രീജേഷ്, തിരുനെല്ലി സി.ഐ നിധീഷ്, എസ്.എച്ച്.ഒ എസ്.ഐ ഉമ്മർ, എസ്.ഐമാരായ ജി. ശിവന്‍, റിയാസുദീൻ, എ. എസ്.ഐ ഹക്കീം, എസ്.സി.പി.ഒ പോൾസൻ ലതീഷ്, വനിത പോലീസ് ഉദ്യോഗസ്ഥരായ എസ്. ചിഞ്ചു, രമ്യ, ഷാലുമോള്‍, ഡ്രൈവര്‍ എസ്.സി.പി.ഒ കെ.സി. അനൂപ്, സി.പി.ഓ പ്രിൻസ് ജോയ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

 

ഇതിന് മുമ്പ് പിടിയിലായവര്‍

 

17.08.26 തിയ്യതി ഉച്ചയോടെ അമ്മായിപ്പാലത്ത് നിന്നും ബത്തേരിയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്ര ചെയ്ത നെന്മേനി സ്വദേശിയുടെ മൂന്ന് പവന്റെ മാലയും ഒരു ഗ്രാം താലിയും അടങ്ങിയ ഏകദേശം 3,82,000 വിലവരുന്ന ആഭരണം വലിച്ച് പൊട്ടിച്ച് കവര്‍ന്ന കേസില്‍ മധുരൈ സ്വദേശികളായ അളകനല്ലൂര്‍, ഈശ്വരി (47), അളകനല്ലൂര്‍, കണ്ണകി എന്ന അര്‍ച്ചന എന്ന രമ്യ(30), എന്നിവരെ മീനങ്ങാടി പഞ്ചായത്ത് പരിസരത്ത് വെച്ച്് പിടികൂടി. പിന്നീട്, കൂട്ടാളികളായ തമിഴ്നാട് സ്വദേശികളായ മധുരൈ, ചിന്താമണി, എം. രവി.(48), ശിവഗംഗ, മടപുര, എം. മാരിമുത്തു എന്ന പാണ്ഡ്യന്‍(39) എന്നിവരെ മലപ്പുറം, ഐക്കരപടിയില്‍ നിന്ന് പിടികൂടി. മാനന്തവാടിയില്‍ വച്ച് പുല്‍പ്പള്ളി അമരക്കുനി സ്വദേശിനിയായ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച കേസില്‍ തമിഴ്നാട്, ഗണപതി കോവില്‍ തെരുവില്‍ ഇന്ദുമതി(49), ഗണപതിപക്കം സ്വദേശികളായ ജാന്‍വി(34), സുധ(31) എന്നിവരെയും പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights