ആശങ്ക ഒഴിയാതെ പശ്ചിമേഷ്യ: ഒമാന്‍ തീരത്തിന് സമീപം രണ്ട് കപ്പലുകള്‍ നേരെ ആക്രമണം; എണ്ണ വില കുതിക്കുന്നു

തെഹ്‌റാന്‍: ഒമാന്‍ തീരത്ത് ഹോര്‍മൂസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (UKMTO) അറിയിച്ചു. സ്ഥലത്തുനിന്ന് ആറ് നോട്ടിക്കല്‍ മൈല്‍ അകലെയുള്ള മറ്റൊരു കപ്പലിന്റെ ക്യാപ്റ്റന്‍ ഇക്കാര്യം സ്ഥിരീകരിച്ചതായാണ് വിവരം. ആക്രമണത്തില്‍ ഒരു കപ്പലില്‍ തീപടര്‍ന്നുവെന്നും രണ്ടാമത്തെ കപ്പലിന് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ലെന്നുമാണ് റിപ്പോർട്ട്. തുറമുഖ നഗരമായ ഖസബിന് പടിഞ്ഞാറ് നിന്നും നാല് നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം നടന്നത്.

 

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഏജന്‍സി അറിയിച്ചു. പ്രദേശത്ത് കൂടി കടന്നുപോകുന്ന കപ്പലുകള്‍ ജാഗ്രത പാലിക്കണമെന്നും സംശയകരമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും UKMTO നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആക്രമണം നേരിട്ട കപ്പലുകളുടെ പേരുള്‍പ്പെടെ ഒരു വിവരങ്ങളും പുറത്തുവന്നിട്ടില്ല. അതേസമയം ആക്രമണത്തിൽ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഒമാന്റെ മുസാന്‍ദം പെനിന്‍സുലയിലാണ് ഖസബ് സ്ഥിതി ചെയ്യുന്നത്. ഹോര്‍മൂസ് കടലിടുക്കിന്റെ ഏറ്റവും ഇടുങ്ങിയ മേഖലയ്ക്ക് സമീപം ദക്ഷിണ ഭാഗത്തായാണ് ഖസബിന്റെ സ്ഥാനം. ഈ പ്രദേശത്തിന് സമീപം കടലില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം അവസാനത്തോടെ നിരന്തരമായ ആക്രമണങ്ങള്‍ നടക്കുകയാണ്.

 

ഖസബിന് സമീപത്തെ ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് Unmanned Surface Vessel(ആളില്ലാ ഉപരിതല വാഹനമായ) സെയില്‍ഡ്രോണ്‍ എക്‌സ്‌പ്ലോററിനെ ആക്രമിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് സ്ഥിരീകരിച്ചിരുന്നു. ഇറാന്‍ ന്യൂസ് ഏജന്‍സിയായ തസ്‌നിം ഇതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം ഈ സംഭവത്തില്‍ യുഎസ് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇതിനിടെ ദുബായ് തീരത്തിന് സമീപം നങ്കൂരമിട്ടിരുന്ന ഹെര്‍ക്കുലസ് സ്റ്റാറെന്ന ബങ്കര്‍ ടാങ്കറിന് നേരെ ബുധനാഴ്ച ആക്രമണമുണ്ടായതായി ഉടമകളായ പെനിന്‍സുല സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രോണ്‍ ആക്രമണമാണ് കപ്പലിന് നേരെ ഉണ്ടായത്. ഈ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. വടക്കന്‍ ഗള്‍ഫിലും ഗള്‍ഫ് ഒഫ് ഒമാനിലും കപ്പലുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. അതേസമയം യുഎസ് യുദ്ധക്കപ്പലുകളൊന്നും ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതോടെ എണ്ണ വില കുതിക്കുകയാണ്. ഒരു ബാരൽ ബ്രന്‍ഡ് ക്രൂഡ് ഓയില്‍ വില 106 ഡോളര്‍ കഴിഞ്ഞിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights