ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് ജിസ് ജോയ്. സംവിധായകന്‍ എന്നതിലുപരിയായി മലയാളത്തിലെ മുന്‍നിര ഡബ്ബിങ് ആര്‍ടിസ്റ്റുമാരില്‍ ഒരാളാണ് ജിസ് ജോയ്. അല്ലു അര്‍ജുന്റെ സിനിമകള്‍ക്ക് ഡബ് ചെയ്തതോടെയാണ് ജിസ് ജോയിയുടെ ശബ്ദം പലരും തിരിച്ചറിയാന്‍ തുടങ്ങിയത്. കരിയറിന്റെ തുടക്കകാലത്ത് നിരവധി സീരിയലുകള്‍ക്കും ജിസ് ജോയ് ശബ്ദം നല്‍കിയിരുന്നു. പരസ്യ സംവിധായകനായും സിനിമാ സംവിധായകനായും ഇന്ന് മലയാളത്തില്‍ സജീവമാണ് ജിസ് ജോയ്. ഇപ്പോഴിതാ മോഹൻലാലിനൊപ്പം ഒരു പരസ്യത്തിൽ വർക്ക് ചെയ്യുമ്പോൾ ഉണ്ടായ അനുഭവം പങ്കിടുകയാണ് അദ്ദേഹം.‘ലാല്‍ സാറിനെ വെച്ച് അമ്പത്തിരണ്ടോളം ആഡ് ഫിലിംസ് ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് അനുഭവിക്കുന്ന ആര്‍ക്കും മാതൃകയാക്കാവുന്ന പെരുമാറ്റമാണ് അദ്ദേഹത്തിന്റേത്. ഒരാളെ വേദനിപ്പിക്കാതെ എങ്ങനെ നോ പറയാം, എങ്ങനെ മറ്റുള്ളവരോട് സൗമ്യമായി ഇടപഴകാം എന്ന് പറയുന്ന സംഗതി ഭയങ്കരമാണ്. അദ്ദേഹത്തിന്റെ ഒപ്പം ആദ്യമായി വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ ഞാന്‍ ഭയങ്കര എക്‌സൈറ്റഡ് ആയിരുന്നു. ചേര്‍ത്തലയിലായിരുന്നു ഷൂട്ടിങ്.
ഒരു ദിവസം രാത്രി എട്ട് മണി വരെ ഷൂട്ടുണ്ടായിരുന്നു.ഒരു അഞ്ച് മണിയായപ്പോള്‍ ലാല്‍ സാര്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു, മോനെ ഞാൻ ഇപ്പോൾ പോയാൽ മോന് ബുദ്ധിമുട്ടാകുമോയെന്ന ചോദിച്ചു. ഞാൻ ഓർത്തു സാർ വെറുതെ തമാശ പറയുകയാണെന്ന്, സാർ പെട്ടന്ന് പോയാൽ ബുദ്ധിമുട്ടാകുമല്ലോ എന്ന് ഞാൻ പറഞ്ഞു, എത്ര മണി വരെ ഷൂട്ട് ചാർട്ട് ചെയ്തിട്ടുണ്ടെന്ന് ചോദിച്ചു എന്നോട്. ഞാൻ 8 മണി വരെ ഉണ്ടെന്നും പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു, കൊച്ചിയില്‍ ഒരു അവാര്‍ഡ് നൈറ്റ് ഉണ്ട് വരില്ലെന്ന് പറഞ്ഞിരുന്നെങ്കിലും അത്രയും വേണ്ടപ്പെട്ട ആള്‍ വിളിച്ച് വരാമോ എന്ന് ചോദിച്ചിട്ടുണ്ട് എന്ന്. പോവാതിരിക്കാന്‍ പറ്റാത്ത പരിപാടിയാണ് എന്ത് ചെയ്യും ബുദ്ധിമുട്ടാവുമോ എന്ന് എന്നോട് ചോദിച്ചു. സാറില്ലാതെ മറ്റൊന്നും ഷൂട്ട് ചെയ്യാനില്ലെന്ന് പറഞ്ഞപ്പോള്‍, ഞാനെന്ത് ചെയ്യും എന്നാണ് ലാലേട്ടന്‍ എന്നോട് ചോദിച്ചത്.സാര്‍ ഉറപ്പായിട്ടും പോകണം സാര്‍ എന്നും നാളെ ഒരു ദിവസം കൊണ്ട് നമുക്ക് ഇത് പാച്ച് ചെയ്‌തെടുക്കാമെന്നും ഞാന്‍ പറഞ്ഞു. അല്ലാതെ ഒരിക്കലും അദ്ദേഹത്തോട് പോകേണ്ടെന്ന് പറയാന്‍ നമുക്ക് സാധിക്കില്ല. പകരം നാളെ എത്ര വൈകി വേണമെങ്കിലും ഞാന്‍ നില്‍ക്കാം, അതുപോലെ എത്ര നേരത്തേ വേണമെങ്കിലും വരാമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. നാളെ എപ്പോള്‍ വരണമെന്നും എന്നോട് ചോദിച്ചു. ഒരു എട്ട് മണി ഓക്കെ ആണോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഏഴരയ്‌ക്കെത്താം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതൊന്നും അദ്ദേഹം പറയണ്ടതോ ചോദിക്കേണ്ട കാര്യമോ ഇല്ല. ഇതാണ് പുള്ളി നമ്മുക്ക് തരുന്ന കംഫേർട്ട്നെസ്സ്,’ ജിസ് ജോയ് പറഞ്ഞു. ഹാപ്പി ഫ്രെയിംസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.









