ഗാലെ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ വില്ലനായി മഴ. ഉച്ച ഭക്ഷണത്തിനു പിരിഞ്ഞതിനു പിന്നാലെയാണ് മഴ പെയ്തത്. ഇതോടെ കളി നിര്‍ത്തി. നിലവില്‍ മഴ മാറിയിട്ടുണ്ട്. ഔട്ട് ഫീല്‍ഡ് നനഞ്ഞതിനാല്‍ കളി തുടങ്ങിയിട്ടില്ല.
ഉച്ച ഭകഷണത്തിനു പിരിയുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയിലാണ്. 77 പന്തില്‍ 4 ഫോറും ഒരു സിക്‌സും തൂക്കി കെഎല്‍ രാഹുല്‍ 32 റണ്‍സുമായും 49 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 35 റണ്‍സുമായി ദേവ്ദത്ത് പടിക്കലുമാണ് ക്രീസില്‍.
ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രാജ്യം 80ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവില്‍ നില്‍ക്കുന്ന ദിവസത്തില്‍ ഇന്ത്യ ചരിത്ര പോരാട്ടത്തിന് കൂടിയാണ് ഇറങ്ങിയത്. ഇന്ത്യയുടെ 600ാം ടെസ്റ്റ് മത്സരമാണിത്. ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ടീമുകള്‍ക്കു ശേഷം 600 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന രാജ്യമായി ഇതോടെ ഇന്ത്യ മാറി.ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് മികവില്‍ നില്‍ക്കെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ റണ്ണൗട്ടായത് നിരാശപ്പെടുത്തുന്നതായി. മികച്ച സ്‌കോറുമായി യശസ്വി കുതിക്കവെ, സ്‌കോര്‍ 47ല്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് താരത്തെ നഷ്ടമായി. 37 പന്തില്‍ 5 ഫോറുകള്‍ സഹിതം 32 റണ്‍സെടുത്തു യശസ്വി ജയ്‌സ്വാള്‍ മടങ്ങി. ഓപ്പണര്‍ കെഎല്‍ രാഹുലുമായുള്ള ആശയക്കുഴപ്പത്തില്‍ താരം റണ്ണൗട്ടായി മടങ്ങുകയായിരുന്നു. നിര്‍ഭാഗ്യകരമായ വീഴ്ചയാണ് യശസ്വിക്ക് സംഭവിച്ചത്.
മത്സരത്തിന്റെ 11ാം ഓവറിലാണ് ഇന്ത്യയെ ഞെട്ടിച്ച റണ്ണൗട്ട് രൂപത്തിലുള്ള ആദ്യ വിക്കറ്റ് വീഴ്ച. കേശര നുവന്തയുടെ പന്തിൽ കെഎൽ രാഹുൽ ബൗളറുടെ ദിശയിലേക്ക് പന്ത് തട്ടിയിട്ട് സിംഗിളിനായി ഓടി. മറുഭാഗത്തുണ്ടായിരുന്ന യശസ്വിയെ പന്ത് തടയാനുള്ള ശ്രമത്തിൽ നുവന്ത തട്ടി താഴെ വീഴ്ത്തി. ഇതോടെ ഇരു ബാറ്റർമാരും തമ്മിലുള്ള ആശയക്കുഴപ്പത്തിന് ഈ വീഴ്ച കാരണമായി. രണ്ട് പേരും നോൺ സ്ട്രൈക്കർ എൻഡിൽ വരികയും ചെയ്തു. പിന്നാലെ പ്രഭാത് ജയസൂര്യ എറിഞ്ഞ പന്ത് വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്‌വെവെല്ല സ്റ്റംപ് ചെയ്തു. അപ്പീൽ പരിശോധനയിൽ യശസ്വിയാണ് റണ്ണൗട്ടെന്നു അംപയർ വിധിച്ചു.









