തോൽക്കാതിരിക്കാൻ ‘ഇടംകൈ ബാറ്റർ’! ​ഗാവസ്കർ ‘ഐഡിയ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ ബാറ്റർമാരിൽ ഒരാളാണ് സുനിൽ ​ഗാവസ്കർ. സച്ചിൻ ടെണ്ടുൽക്കർക്കും മുൻപ് ഇന്ത്യയുടെ ലിറ്റിൽ മാസ്റ്റർ എന്ന പദവി സ്വന്തമാക്കിയ താരം. മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 10000 റൺസെന്ന മാന്ത്രിക സംഖ്യ ആദ്യമായി പിന്നിട്ട ബാറ്ററും സണ്ണി എന്നു ചെല്ലപ്പേരിൽ വിളിക്കപ്പെട്ട ​ഗാവസ്കർ തന്നെ. വലംകൈ ബാറ്റാറായ ​ഗാവസ്കർ ഒരു മത്സരത്തിൽ ഇടംകൈയനായും ബാറ്റ് വീശി ക്രിക്കറ്റ് ലോകത്ത് അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്.

1981-82 കാലത്തെ രഞ്ജി ട്രോഫി പോരാട്ടത്തിലാണ് ഈ അപൂർവ വിസ്മയ ബാറ്റിങ് അരങ്ങേറിയത്. അന്ന് ബോംബെ (മുംബൈ) ടീമിനായി രഞ്ജി കളിക്കുമ്പോഴാണ് കർണാടകക്കെതിരായ പോരാട്ടത്തിൽ ടീമിനെ രക്ഷിക്കാനായി ​ഗാവസ്കർ സാഹസിക ബാറ്റിങിനു മുതിർന്നത്. സെമി പോരാട്ടത്തിലാണ് സംഭവം.

ബം​ഗളൂരുവിൽ നടന്ന സെമി പോരാട്ടത്തിൽ കർണാടകയുടെ ഇടംകൈയൻ സ്പിന്നർ രഘുറാം ഭട്ട് പിച്ചിലെ മോശമായ ഭാ​ഗം സമർഥമായി ഉപയോ​ഗപ്പെടുത്തി ബൗളിങിൽ അത്ഭുതം തീർത്ത് മുന്നേറുന്നുണ്ടായിരുന്നു. ഒന്നാം ഇന്നിങ്സിൽ ബോംബെയുടെ 8 വിക്കറ്റുകളാണ് ഇത്തരത്തിൽ രഘുറാം വീഴ്ത്തിയത്.രണ്ടാം ഇന്നിങ്സിലും രഘുറാമിന്റെ പന്തുകൾക്കും തന്ത്രങ്ങൾക്കും മുന്നിൽ ബോംബെ വിയർത്തു. 5 വിക്കറ്റുകളാണ് രഘുറാം രണ്ടാം ഇന്നിങ്സിൽ വീഴ്ത്തിയത്. ബോംബെ തോൽവിയുടെ വക്കിൽ എത്തുകയും കർണാടക ജയിച്ച് ഫൈനലുറപ്പിക്കാൻ ഒരുങ്ങി നിൽക്കുകയും ചെയ്ത ഘട്ടമായിരുന്നു അപ്പോൾ. വലം കൈ ബാറ്റർമാർക്ക് വലിയ ഭീഷണിയായി നിന്ന പിച്ചിൽ പിടിച്ചു നിൽക്കുക എന്നത് ​ഗാവസ്കർ അടക്കമുള്ള ബാറ്റർമാർക്ക് വലിയ വെല്ലുവിളിയായിരുന്നു.

രഘുറാം ഭട്ടിന്റെ പന്തുകൾ പുറത്തേക്ക് തിരിഞ്ഞ് വിക്കറ്റ് നഷ്ടപ്പെടാനുള്ള സാധ്യത ഒഴിവാക്കാനാണ് ​ഗാവസ്കർ ഇടംകൈ ബാറ്റിങ് പരീക്ഷിക്കാൻ തീരുമാനിച്ചത്. ഇടംകൈയനായി മാറുമ്പോൾ പന്ത് ദേഹത്തോ, പാഡിലോ തട്ടി പോകുമെന്നു എൽബിഡബ്ല്യു ആകില്ലെന്നും അദ്ദേഹം കണക്കുകൂട്ടി.

രഘുറാം ഭട്ട് പന്തെറിയുമ്പോൾ ഇടംകൈ ബാറ്ററാകുന്ന ​ഗാവസ്കർ മറുഭാ​ഗത്ത് വലംകൈ സ്പിന്നർ ബി വിജയകൃഷ്ണൻ പന്തെറിയാൻ എത്തുമ്പോൾ വലംകൈ ബാറ്ററായി തന്നെ ക്രീസിൽ നിൽക്കും. ഏതാണ് ഒരു മണിക്കൂറോളം ​ഗാവസ്കർ ഇടം കൈയനായി ബാറ്റ് ചെയ്ത് ​ഗാവസ്കർ വിലപ്പെട്ട 18 റൺസ് നേടി. ​ഗുലാം പാ‍ർക്കറുമൊത്ത് പൊരുതി നിന്ന അദ്ദേഹം ബോംബെ സ്കോർ 9 വിക്കറ്റ് നഷ്ടത്തിൽ 218 റൺസെന്ന നിലയിലെത്തിച്ചു. മത്സരം തോൽക്കാതെ സമനിലയിൽ എത്തിക്കാനും അദ്ദേഹത്തിനു സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights