തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ ഡ്രൈവറെ മർദ്ദിച്ചെന്ന പരാതി അടിസ്ഥാന രഹിതമെന്ന് റെയിൽവെ പൊലീസ്. ഡ്രൈവറെ മർദിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. സംഭവത്തിൽ ഇന്റലിജൻസ് മേധാവിക്ക് റെയിൽവേ പൊലീസ് റിപ്പോർട്ട് നൽകി.എകെജി സെൻ്ററിലെ ഡ്രൈവർ അനൂപ് തില്ലങ്കേരിക്കെതിരെ പൊലീസിൻ്റെ കയ്യേറ്റമുണ്ടായി എന്നായിരുന്നു പരാതി. പിണറായി വിജയനെ റെയിൽവേ സ്റ്റേഷനിൽ ഇറക്കുന്നതിനിടെയാണ് സംഭവം നടന്നത്.
‘വണ്ടിയെടുത്ത് മാറ്റെടാ’ എന്ന് ആക്രോശിച്ചു കൊണ്ട് കഴുത്തിന് പിടിച്ച് തള്ളിയതായാണ് അനൂപ് പറയുന്നത്. റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരാണ് കയ്യേറ്റം ചെയ്തതെന്നായിരുന്നു പരാതി. പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അനൂപ് ഡി ജി പിക്ക് പരാതി നൽകിയിരുന്നു. ജയൻ, ശരത് എന്നീ പൊലീസുകാരാണ് കയ്യേറ്റം ചെയ്തതെന്നും പരാതിയിൽ പറയുന്നു.









