‘ബസ് യാത്രക്കിടെ അതിക്രമം നേരിട്ടു’; പരാതി നല്‍കി ഷിംജിത മുസ്തഫ

കണ്ണൂര്‍: ബസ് യാത്രയ്ക്കിടെ മോശം പെരുമാറ്റം നേരിട്ടെന്ന് പൊലീസില്‍ പരാതി നല്‍കി ഷിംജിത മുസ്തഫ. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിഹത്യയ്ക്കിരയായി ജീവനൊടുക്കിയ കേസില്‍ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് മഞ്ചേരി ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് പുതിയ പരാതി. പയ്യന്നൂര്‍ പൊലീസിന് ഇ മെയില്‍ മുഖേനയാണ് പരാതി ലഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരം പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബസ് സ്റ്റാന്‍ഡിലേക്കുള്ള സ്വകാര്യ ബസ് യാത്രക്കിടെ തനിക്കെതിരെ അതിക്രമം ഉണ്ടായെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

ദീപകിന്റെ ആത്മഹത്യയില്‍ ഇയാളുടെ അമ്മ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസില്‍ നല്‍കിയ പരാതിയിലായുരുന്നു ഷിംജിത അറസ്റ്റിലായത്. വടകരയിലെ ബന്ധു വീട്ടില്‍ നിന്നുമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലിസ് ഇവരെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഷിംജിത പോസ്റ്റ് ചെയ്ത വിഡിയോ പ്രചരിച്ചതോടെ ദീപക് കടുത്ത മനോവിഷമത്തിലായിരുന്നുവെന്നും ഇതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നുമായിരുന്നു അമ്മയുടെ പരാതി.

അതേസമയം, പൊലിസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഷിംജിത മുസ്തഫയ്‌ക്കെതിരെയുള്ള ഗുരുതരമായ പരാമര്‍ശങ്ങളാണുള്ളത്. സ്വകാര്യബസില്‍വെച്ച് ദീപക്കിനെ ഉള്‍പ്പെടുത്തിയുള്ള ഏഴോളം വീഡിയോകളാണ് ഷിംജിത മൊബൈലില്‍ ചിത്രീകരിച്ചത്. ഇവ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെച്ചതായും കണ്ടെത്തിയിട്ടുണ്ട്. ദുരനുഭവം നേരിട്ടെന്ന് പറയുന്ന പ്രതി താമസിക്കുന്ന വടകരയിലോ സംഭവം നടന്നുവെന്ന് പറയുന്ന പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലോ അധികാരപ്പെട്ട നിയമകേന്ദ്രങ്ങളിലോ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

പോസ്റ്റ് ഗ്രാജ്വേറ്റും അസിസ്റ്റന്റ് പ്രൊഫസര്‍ ക്വാളിഫൈഡുമായ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പ്രതി മലപ്പുറം അരീക്കോട് പഞ്ചായത്തിലെ മുസ്ലീം ലീഗ് പ്രതിനിധിയായ വാര്‍ഡ് മെമ്പറായിരുന്നു. നിയമത്തെകുറിച്ച് മതിയായ അവബോധം ഉള്ള ആളാണ്. എന്തെങ്കിലും ദുരനുഭവം ഉണ്ടായാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ നിയമധാരികളെയോ വിവരം അറിയിക്കാതെ ഇത്തരത്തിലുള്ള വീഡിയോകള്‍ ചിത്രീകരിച്ച് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചാല്‍ കുറ്റാരോപിതന്‍ പ്രസ്തുത വീഡിയോ കണ്ട് മാനഹാനി നേരിട്ട് മനം നൊന്ത് ആത്മഹത്യ ചെയ്യാമെന്ന് വ്യക്തമായ അറിവും ബോധവും പ്രതിക്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവം നടന്നുവെന്ന് പറയുന്ന ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ദീപക്കും പ്രതിയും ബസില്‍ കയറിയതായും അസ്വാഭാവികമായി യാതൊന്നും നടന്നിട്ടില്ലെന്നും ഇതില്‍ വ്യക്തമാണ്. ശേഷം പ്രതിയും ഇരയായ ദീപക്കും സ്വാഭാവികമായാണ് ബസില്‍നിന്ന് ഇറങ്ങി നടന്നു പോകുന്നതെന്നും സിസിടിവി ദൃശ്യത്തിലൂടെ വ്യക്തമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് ബസ് ജീവനക്കാരുടെ മൊഴിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights