മ്യൂസിക കിങ് റഹ്‌മാന്‍ മാറ്റിനിര്‍ത്തപ്പെടുന്നതിന് പിന്നില്‍!

വര്‍ഷം 1991…പ്രശസ്ത സംവിധായകന്‍ മണിരത്‌നം തന്റെ പുതിയ ചിത്രത്തിനായി ഈണമൊരുക്കാന്‍ പുതിയൊരു സംഗീത സംവിധായകനെ തേടിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്.. മണിരത്‌നത്തിന്റെ അന്നുവരെ ഇറങ്ങിയ ചിത്രങ്ങളിലെല്ലാം പാട്ടുകളൊരുക്കിയത് ഇളയരാജയായിരുന്നു. മണിയുടെ എക്കാലത്തെയും ക്ലാസികുകളിലൊന്നായി വാഴ്ത്തപ്പെടുന്ന ‘ദളപതി’യുടെ ചിത്രീകരണത്തിനിടെ ഇളയരാജ ചില പരിഹാസ പരാമര്‍ശങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടാവുകയും മണിരത്‌നവും ഇളയരാജയും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദത്തിന് അതോടെ തിരശ്ശീല വീഴുകയുമായിരുന്നു.

അങ്ങനെയിരിക്കെയാണ് പരസ്യ മേഖലയുമായി ബന്ധപ്പെട്ട അവാര്‍ഡ് ദാന ചടങ്ങില്‍ വച്ചാണ് മികച്ച പരസ്യ ജിംഗിളിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായ യുവാവിനെ മണിരത്‌നം യാദൃശ്ചികമായി കണ്ടുമുട്ടുന്നത്. ദക്ഷിണേന്ത്യയിലെ പ്രശസ്തമായ കോഫി ബ്രാന്‍ഡായ ലിയോ കോഫിക്ക് വേണ്ടി യുവാവ് ചെയ്ത ജിംഗിള്‍ തരംഗമായിരുന്നു. ട്രിഷ് പ്രൊഡക്ഷന്‍സിലെ അദ്ദേഹത്തിന്റെ കസിന്‍ ശാരദ ത്രിലോക്, മണിരത്‌നത്തെ യുവ സംഗീതസംവിധായകനെ പരിചയപ്പെടുത്തി. അദ്ദേഹം ചെയ്ത കൃതികളുടെ സാമ്പിള്‍ ആവശ്യപ്പെട്ട മണിരത്‌നത്തെ തന്റെ സ്റ്റുഡിയോയിലേക്ക് ക്ഷണിക്കുകയും അവിടെ വച്ച് ആ 24 കാരന്‍ പ്ലേ ചെയ്ത ട്യൂണ്‍ മണിരത്‌നത്തിന് ഇഷ്ടപ്പെട്ടു, തന്റെ പുതിയ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കാന്‍ അവിടെ വച്ച് തന്നെ കരാറൊപ്പിടുകയുമായിരുന്നു.

പ്രശസ്ത തമിഴ് സംവിധായകന്‍ കെ.ബാലചന്ദറിന്റെ കവിതാലയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ 1992ല്‍ പുറത്തിറങ്ങിയ റോജക്ക് വേണ്ടി ഈണമിടുമ്പോള്‍ എ.ആര്‍ റഹ്‌മാന് വെറും 25 വയസായിരുന്നു. അതൊരു ചരിത്രമായിരുന്നു…എം.എസ് വിശ്വനാഥനും ഇളയരാജയും ദേവയുമൊക്കെ കൊടികുത്തി വാണിരുന്ന തമിഴ് സിനിമ സംഗീതലോകത്ത് ഒരു ഒരു 25കാരന്‍ കുറിച്ച ചരിത്രം. റോജയിലെ ഗാനങ്ങള്‍ സിനിമക്കൊപ്പം ഹിറ്റായി. ടൈം മാഗസിന്റെ 10 മികച്ച സൗണ്ട് ട്രാക്കുകളുടെ പട്ടികയില്‍ ഇടംപിടിച്ചു. കാലങ്ങള്‍ കഴിഞ്ഞിട്ടും റോജ എന്ന ചിത്രം ഇന്നും ഓര്‍മിക്കപ്പെടുന്നുണ്ടെങ്കില്‍ അതില്‍ റഹ്‌മാന്‍ ഈണമിട്ട ഗാനങ്ങള്‍ക്ക് തീര്‍ച്ചയായും പങ്കുണ്ട്.

എ.ആര്‍ റഹ്‌മാന്‍ എന്ന ബ്രാന്‍ഡ്

1992 മുതല്‍ 2015 വരെയുള്ള കാലയളവില്‍ എ.ആര്‍ റഹ്‌മാന്‍ എന്ന ബ്രാന്‍ഡ് ഇന്ത്യന്‍ സിനിമാ സംഗീതത്തില്‍ എത്രത്തോളം അവിഭാജ്യഘടകമായിരുന്നുവെന്നതിന് അക്കാലങ്ങളില്‍ പുറത്തിറങ്ങിയ ചിത്രങ്ങളും പാട്ടുകളും തെളിവാണ്. സ്ഥിരം പാറ്റേണിലും കോപ്പിയടി ആരോപണങ്ങളിലും പെട്ട് ആടിയുലയുകയായിരുന്ന ബോളിവുഡ് സംഗീതത്തിലേക്ക് പുതുമയുള്ള ട്രാക്കുകളുമായെത്തിയ റഹ്‌മാനെ അവര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ബോംബെ, ദില്‍സേ, താല്‍,ഗുരു, ലഗാന്‍, ജോധാ അക്ബര്‍…ബോളിവുഡിന്റെ സംഗീത പശ്ചാത്തലം തന്നെ റഹ്‌മാന്‍ മാറ്റിമറിക്കുകയായിരുന്നു. അന്നുവരെ ദക്ഷിണേന്ത്യക്കാരെ അംഗീകരിക്കാന്‍ മടിച്ചിരുന്നവര്‍ റഹ്‌മാന്‍ എന്ന മദിരാശിക്കാരന്‍ ഈണമിട്ട പാട്ടുകള്‍ കേട്ട് കയ്യടിച്ചു. റഹ്‌മാന്റെ ഓരോ പാട്ടുകളും ആഘോഷങ്ങളായിരുന്നു. ഓരോ കാലഘട്ടത്തില്‍ പുറത്തിറങ്ങിയ റഹ്‌മാന്‍ പാട്ടുകള്‍ അന്നത്തെ ഓര്‍മകളെയും കൂടെക്കൂട്ടി.

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്ന 1997ല്‍ റഹ്‌മാന്‍ പുറത്തിറക്കിയ ‘വന്ദേമാതരം’ എന്ന ആല്‍ബം അദ്ദേഹത്തിന്റെ റെക്കോഡിങ് സ്റ്റുഡിയോയില്‍ നിന്ന് പുതു തലമുറയുടെ ഹൃദയങ്ങളിലേക്കും മനസുകളിലേക്കും ഒഴുകിയെത്തി, ഇന്ത്യയെ ആഘോഷിക്കുന്ന ഗാനമായി ഇന്നും ജനമനസുകളില്‍ അലയടിച്ചുകൊണ്ടിരിക്കുന്നു.”ഇന്ത്യയുടെ ഏകത്വത്തിന്റെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കുക, ദേശീയ ഗാനമായ വന്ദേമാതരം എല്ലാവരെയും അഭിമാനത്തോടെ പാടാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ആല്‍ബത്തിന് പിന്നിലെന്ന് റഹ്‌മാന്‍ അന്ന് പറഞ്ഞു.

33 വര്‍ഷം നീണ്ട സിനിമാജീവിതത്തില്‍ റഹ്‌മാന്‍ എത്തിപ്പിടിക്കാത്ത നേട്ടങ്ങളില്ല. 2009ല്‍ ഡാനി ബോയല്‍ സംവിധാനം ചെയ്ത സ്ലം ഡോഗ് മില്യണയര്‍ ചിത്രത്തിലൂടെ ഓസ്‌കര്‍ പുരസ്‌കാരം നേടി. പാട്ടിനും പശ്ചാത്തല ഈണത്തിനുമായിരുന്നു റഹ്‌മാന്‍ അക്കാദമി പുരസ്‌കാരം നേടിയത്. ഒരുമിച്ച് രണ്ട് അക്കാദമി പുരസ്‌കാരങ്ങള്‍ നേടുന്ന ആദ്യ ഏഷ്യക്കാരന്‍ എന്ന ബഹുമതിയും റഹ്‌മാന്റെ പേരിലാണ്. ഗ്രാമി, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍, ബാഫ്റ്റ അവാര്‍ഡുകള്‍, ക്രിട്ടിക്‌സ് ചോയ്‌സ് മൂവി അവാര്‍ഡുകള്‍, ഏഷ്യന്‍ ഫിലിം അവാര്‍ഡുകള്‍…പത്മഭൂഷണ്‍, 7 ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍, 18 ഫിലിംഫെയര്‍ അവാര്‍ഡുകള്‍, 16 ഐഐഎഫ്എ അവാര്‍ഡുകള്‍…റഹ്‌മാന്റെ ഈണങ്ങള്‍ക്ക് ലഭിക്കുന്ന ആദരങ്ങളുടെ പട്ടിക ഇങ്ങനെ നീളുന്നു

റഹ്‌മാന്‍ സംഗീതമില്ലാത്ത ബോളിവുഡ്

2015ന് ശേഷം റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ക്ക് ബോളിവുഡില്‍ അത്ര സ്വീകാര്യത ലഭിച്ചില്ല. 2013ല്‍ പുറത്തിറങ്ങിയ ‘രാഞ്ജന’എന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റായിരുന്നെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ തൊട്ടതെല്ലാം പൊന്നാക്കുന്ന റഹ്‌മാന്‍ മാജികിന് ബി ടൗണില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. 2016ല്‍ റിലീസ് ചെയ്തഏ’മോഹന്‍ജൊദാരോ’ എന്ന ആല്‍ബവും ശ്രദ്ധിക്കപ്പെടാതെ പോയതോടെ റഹ്‌മാന്റെ കാലം കഴിഞ്ഞുവെന്ന് വിമര്‍ശകര്‍ വിധിയെഴുതി.

അതിനിടയില്‍ ഒകെ കണ്‍മണിയുടെ ഹിന്ദി റീമേക്കായ ഓക്കെ ജാനു ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞെങ്കിലും ചിത്രത്തിനു വേണ്ടി റഹ്‌മാന്‍ ഈണമിട്ട ഗാനങ്ങള്‍ മോശമല്ലാത്ത പ്രതികരണം നേടിയിരുന്നു. 2022ല്‍ റിലീസ് ചെയ്ത ഹീറോപന്തി 2വിനും റഹ്‌മാന്റെ പഴയ പ്രതാപം തിരിച്ചുകൊണ്ടുവരാനായില്ല.

‘എട്ട് വര്‍ഷമായി ബോളിവുഡില്‍ അവസരങ്ങളില്ല’

ബോളിവുഡ് സിനിമയിലെ റഹ്‌മാന്‍ ഈണങ്ങളുടെ അഭാവം ഒരുപക്ഷേ സംഗീതാസ്വാദകര്‍ ശ്രദ്ധിക്കുന്നത് ഒരുപക്ഷേ അദ്ദേഹം ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലൂടെയായിരിക്കും. കാരണം ഒരു കാലത്ത് റഹ്‌മാന്‍ ചെയ്തുവച്ച ഗാനങ്ങള്‍ മാത്രം കാലങ്ങള്‍ക്കപ്പുറത്തേക്കുള്ളതായിരുന്നു. അഭിമുഖത്തില്‍ ‘ഛാവ’ എന്ന ബോളിവുഡ് സിനിമയ്‌ക്കെതിരെ എ.ആര്‍ റഹ്‌മാന്‍ സംസാരിച്ചതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ‘ഛാവ’ സിനിമ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന് റഹ്‌മാന്‍ തുറന്നു പറയുകയായിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയ മാറ്റങ്ങള്‍ സംഗീതത്തെയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ട് വര്‍ഷമായി ബോളിവുഡില്‍ അവസരങ്ങള്‍ നഷ്ടമാകുന്നുണ്ടെന്നും എ.ആര്‍ റഹ്‌മാന്‍ ഇന്റര്‍വ്യൂവില്‍ വെളിപ്പെടുത്തിയിരുന്നു. ഇതോടെ എ.ആര്‍ റഹ്‌മാനെതിരെ വ്യാപക സൈബര്‍ ആക്രമണങ്ങളും തുടങ്ങി.

ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് പിന്നീട് എ.ആര്‍ റഹ്‌മാന്‍ വിശദീകരണവും നല്‍കിയിരുന്നു. ‘സംഗീതം എന്നത് നമ്മുടെ സംസ്‌കാരത്തെ ബന്ധിപ്പിക്കാനും ആഘോഷിക്കാനും ബഹുമാനിക്കാനുമുള്ള ഒരു മാര്‍ഗമാണ്. ഇന്ത്യ എന്റെ പ്രചോദനമാണ്, എന്റെ ഗുരുവും എന്റെ വീടുമാണ്. ചിലപ്പോള്‍ ചില കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു’ എന്നായിരുന്നു റഹ്‌മാന്റെ വാക്കുകള്‍.

തെന്നിന്ത്യയുടെ ഇസൈ പുയല്‍

ബോളിവുഡില്‍ ഇടവേള വന്നെങ്കിലും തെന്നിന്ത്യന്‍ സിനിമയില്‍ റഹ്‌മാന്റെ ഗ്രാഫ് ഇപ്പോഴും ഉയര്‍ന്നുതന്നെയാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ തഗ് ലൈഫിലെ ഗാനങ്ങള്‍ തന്നെ ഇതിനുദാഹരണമാണ്. 37 വര്‍ഷത്തിന് ശേഷം മണിരത്‌നവും കമല്‍ഹാസനും ഒന്നിക്കുന്നുവെന്ന പ്രത്യേകതയോടെ എത്തിയ ചിത്രം ബോക്‌സോഫീസില്‍ ദയനീയമായി പരാജയപ്പെട്ടെങ്കിലും ചിത്രത്തിന് വേണ്ടി റഹ്‌മാന്‍ ചെയ്ത പാട്ടുകള്‍ സൂപ്പര്‍ഹിറ്റുകളായി. മുത്ത മഴൈ, വിണ്‍വെളി നായകാ.., അഞ്ചുവണ്ണ പൂവൈ തുടങ്ങിയ പാട്ടുകള്‍ ഇപ്പോഴും തെന്നിന്ത്യയുടെ പ്ലേലിസ്റ്റുകള്‍ ഭരിച്ചുകൊണ്ടിരിക്കുകയാണ്. പൊന്നിയിന്‍ സെല്‍വന്‍ ഒന്ന്, രണ്ട് ഭാഗങ്ങളിലെ പാട്ടുകള്‍ മാസ്റ്റര്‍ ക്ലാസുകളായിരുന്നു.

2024ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ആടുജീവിതത്തിന് വേണ്ടി ചെയ്ത ഗാനങ്ങളിലും മാറ്റ് കുറയാത്ത റഹ്‌മാന്‍ മാന്ത്രികത തെളിഞ്ഞുനിന്നു. വിദേശഭാഷ ചിത്രങ്ങളുടെ വിഭാഗത്തില്‍ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ഹോളിവുഡ് ഇന്‍ മീഡിയ പുരസ്‌കാരം ആടുജീവിതത്തിലൂടെ റഹ്‌മാന് ലഭിച്ചു.

ഭിന്നിപ്പിക്കുന്ന സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ താന്‍ ശ്രമിച്ചിരുന്നു എന്നാണ് ബിബിസി അഭിമുഖത്തില്‍ റഹ്‌മാന്‍ പറഞ്ഞത്. റഹ്‌മാനെതിരെ സൈബര്‍ ആക്രമണം രൂക്ഷമാകുമ്പോള്‍ അദ്ദേഹത്തിന്റെ സംഗീതത്തിന്റെ നിരവധി ആരാധകരും ശ്രോതാക്കളും അദ്ദേഹത്തിനുവേണ്ടി രംഗത്തുവരുന്നുണ്ട്. ഇതില്‍ ഗായകരും സംഗീത സംവിധായകരും സിനിമാരംഗത്തെ പ്രമുഖരുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights