കോട്ടയത്ത് നവജാത ശിശുക്കളെ കടത്തുന്ന സംഘമെന്ന് ഗർഭിണിയുടെ പരാതി; രണ്ട് പേര്‍ അറസ്റ്റില്‍

കോട്ടയം: കോട്ടയത്ത് നവജാതശിശുക്കളെ കടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി യുവതിയുടെ പരാതി. 22കാരിയായ അസം സ്വദേശിനി നല്‍കിയ പരാതിയില്‍ ഈരാറ്റുപേട്ട പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. തിരുനെല്‍വേലി സ്വദേശി രാജന്‍, വാഗമണ്‍ സ്വദേശി അര്‍ജുന്‍ എന്നിവരാണ് ഗര്‍ഭിണിയായ പെൺകുട്ടിയുടെ പരാതിയില്‍ പിടിയിലായത്. സംഭവത്തില്‍ പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം നടത്തും. അര്‍ജുന്റെ സഹോദരീ ഭര്‍ത്താവാണ് കൂട്ടുപ്രതിയായ രാജന്‍.ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവുമായി പിരിഞ്ഞ യുവതി സമൂഹമാധ്യമത്തിലൂടെ പ്രസവത്തിന് സഹായം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾ യുവതിയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ബന്ധപ്പെടുന്നത്. സഹായത്തിന് പകരമായി കുഞ്ഞിനെ നല്‍കണമെന്ന് പ്രതികൾ യുവതിയോട് ആവശ്യപ്പെട്ടു. പ്രതികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവതി ഇവരുമായി തര്‍ക്കത്തിലായി. പത്ത് ദിവസത്തോളം യുവതിയെ തടങ്കലിൽ പാർപ്പിച്ചു. തുടര്‍ന്നാണ് ഇവരില്‍ നിന്നും രക്ഷപ്പെട്ട് അവർ സാന്ത്വനം കേന്ദ്രത്തിലെത്തിയത്. പിന്നാലെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.ഒരുമാസം മുന്‍പാണ് പ്രതികള്‍ ഈരാറ്റുപേട്ട തീക്കോയില്‍ എത്തുന്നത്. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോ എന്ന സംശയം പൊലീസിനുണ്ട്.. അറസ്റ്റിലായ രണ്ടുപേരും കുഞ്ഞുങ്ങളെ മറിച്ചു വിറ്റിട്ടുണ്ട് എന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. ഇത് സ്ഥിരീകരിക്കുന്നതിനായി കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights