വേണം 8ാം കിരീടം, ഒരു കണക്കും തീര്‍ക്കാനുണ്ട്! ഇന്ത്യ- ശ്രീലങ്ക വനിതാ എഷ്യാ കപ്പ് ഫൈനല്‍ ഇന്ന്

ദുബൈ: വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം. സ്പിന്‍ കരുത്തിലാണ് ഇരു ടീമുകളും ഫൈനലിലേക്ക് അപരാജിതരായി മുന്നേറിയത്. അതിനാല്‍ തുല്യശക്തികളുടെ പോരാട്ടമെന്നു ഇന്നത്തെ ഫൈനലിനെ വിശേഷിപ്പിക്കാം. ദുബൈയിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ഇരു ടീമുകളും സ്പിന്‍ കരുത്തിലാണ് തന്ത്രമൊരുക്കുന്നത്.

ഇന്ത്യന്‍ വനിതകള്‍ 8ാം കിരീടമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ ഇന്ത്യയ്ക്ക് ഫൈനല്‍ പോരാട്ടത്തില്‍ ശ്രീലങ്കയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങി കിരീടം അടിയറവ് വയ്‌ക്കേണ്ടി വന്നിരുന്നു. ആ തോല്‍വിക്ക് കണക്കു തീര്‍ക്കാന്‍ കൂടിയാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ഇറങ്ങുന്നത്.

ബാറ്റിങില്‍ ഓപ്പണര്‍മാരായ ഷെഫാലി വര്‍മ, സ്മൃതി മന്ധാന എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ പ്രതീക്ഷ വയ്ക്കുന്നത്. ഷെഫാലി ടൂര്‍ണമെന്റില്‍ ഇതുവരെയായി 169 റണ്‍സും സ്മൃതി 154 റണ്‍സും നേടിയിട്ടുണ്ട്. ഇരുവരുമായി ടൂര്‍ണമെന്റ് റണ്‍വേട്ടയിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍.

എന്നാല്‍ മധ്യനിര ഇതുവരെ ഫോമിലേക്ക് എത്തിയിട്ടില്ല എന്നതാണ് ഇന്ത്യയെ കുഴക്കുന്നത്. ഫൈനലില്‍ കഥ മാറുമെന്ന പ്രതീക്ഷയിലാണ് ടീം ക്യംപ്.

ബൗളിങില്‍ സ്പിന്നര്‍മാര്‍ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. 11 വിക്കറ്റുകള്‍ വീഴ്ത്തിയ ദീപ്തി ശര്‍മയാണ് ടീമിന്റെ നെടുതൂണ്‍. ശ്രീ ചരണി, പ്രേമ റാവത്ത് എന്നീ സ്പിന്നര്‍മാരും മികവില്‍ പന്തെറിയുന്നു. പാര്‍ട്ട് ടൈം സ്പിന്നറായി ഷെഫാലി വര്‍മയും തിളങ്ങുന്നു. ബംഗ്ലാദേശിനെ വീഴ്ത്തിയാണ് ഇന്ത്യ ഫൈനലുറപ്പിച്ചത്.

ശ്രീലങ്ക ബാറ്റിങില്‍ ആശങ്കപ്പെട്ടാണ് നില്‍ക്കുന്നത്. ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടു, ഹര്‍ഷിക സമരവിക്രമ, നീലാക്ഷി ഡ സില്‍വ എന്നിവരുടെ പ്രകടനം അവര്‍ക്ക് നിര്‍ണായകമാണ്. ബൗളിങിലും ടൂര്‍ണമെന്റില്‍ തിളങ്ങിയത് ചമരി അട്ടപ്പട്ടു തന്നെയാണ്. ഇന്തോനേഷ്യക്കെതിരായ പോരാട്ടത്തില്‍ വെറും 7 റണ്‍സ് വഴങ്ങി താരം 5 വിക്കറ്റുകള്‍ വീഴ്ത്തിയത് ശ്രദ്ധേയമായിരുന്നു. മൊത്തം 11 വിക്കറ്റുകളുമായി ചമരി വിക്കറ്റ് വേട്ടയില്‍ ദീപ്തി ശര്‍മയ്‌ക്കൊപ്പം ഒന്നാമതുണ്ട്. സെമിയില്‍ ശ്രീലങ്ക പാകിസ്ഥാനെ വീഴ്ത്തിയാണ് ഫൈനലില്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights