‘കോടികളുടെ സ്വർണം സീൽ ചെയ്ത കടകൾക്കുള്ളിൽ’; അനധികൃത നിർമാണത്തിൽ ഡൽഹി കോർപ്പറേഷൻ നടപടി; ആശങ്കയിൽ വ്യാപാരികൾ

ന്യൂഡല്‍ഹി: ഡല്‍ഹി സത്യനികേതനില്‍ അനധികൃതമായി കെട്ടിപ്പൊക്കിയ പിജി കെട്ടിടം തകര്‍ന്ന് വീണ് ഏഴ് പേര്‍ മരിച്ച സംഭവത്തിന് പിന്നാലെ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് അധികൃതര്‍. ചാന്ദ്‌നി ചൗക്കിലെ 54ഓളം ജുവല്ലറികളും സ്വര്‍ണം – വെള്ളി കട്ടികളുടെ ബിസിനസ് നടത്തുന്ന സ്ഥാപനങ്ങളും ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സീല്‍ ചെയ്തു . ഇതോടെ കോടിക്കണക്കിന് രൂപയുടെ സാധനങ്ങള്‍ പ്രദേശത്ത് ‘പൂട്ടിയിട്ടിരിക്കുകയാണെ’ന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ 11.30ഓടെ കച്ച മഹാജനി എന്ന പ്രദേശത്താണ് നടപടി ഉണ്ടായത്. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയാണ് എംസിഡി ഉദ്യോഗസ്ഥരും പൊലീസും പ്രദേശത്ത് എത്തി മുദ്രവെച്ച് മടങ്ങിയതെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. പല കടയുടമകളും ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് നടപടികള്‍ ആരംഭിച്ച വിവരം അറിഞ്ഞത്.

സത്യനികേതനിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങൾക്ക് എതിരെ മാത്രമാണോ നടപടികള്‍ സ്വീകരിക്കുന്നത് എന്നാണ് വ്യാപാരികള്‍ ചോദ്യം ചെയ്യുന്നത്. സര്‍ക്കാര്‍ വകുപ്പുകള്‍ക്കും രാഷ്ട്രീയകാര്‍ക്കും എതിരെ നടപടികള്‍ സ്വീകരിക്കുമോയെന്നും ചോദ്യവും ഉയരുന്നുണ്ട്. അതേസമയം ചില കടകള്‍ക്ക് മുന്നില്‍ നോട്ടീസുകള്‍ ഒട്ടിച്ചിരുന്നെന്നും അവയില്‍ രേഖപ്പെടുത്തിയിരിക്കുന്ന തീയതി മെയ് 12 2026 എന്നാണെന്നും വ്യാപാരികള്‍ പറയുന്നുണ്ട്.

 

കോടികണക്കിന് രൂപയുടെ സ്വര്‍ണവും മറ്റ് സാധനങ്ങളും പൂട്ടിയിട്ടിരിക്കുന്നതിനാല്‍ ആശങ്കയിലാണെന്നും അധികൃതര്‍ എത്രയും വേഗം ഇക്കാര്യത്തില്‍ പരിഹാരം കാണണമെന്നുമാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഇതുവരെ എംസിഡി തയ്യാറായിട്ടില്ല.ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സത്യനികേതനില്‍ പ്രവര്‍ത്തിച്ചുവന്ന ആണ്‍കുട്ടികള്‍ക്കായുള്ള പിജി കെട്ടിടം തകര്‍ന്ന് വീണത്. സംഭവത്തില്‍ ഏഴ് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സംഭവത്തില്‍ കെട്ടിടം ഉടമയെ അടക്കം അഞ്ച് പേരെ പൊലീസ് പിടികൂടിയിരുന്നു. അപകടത്തിന് പിന്നാലെ ശക്തമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത വ്യക്തമാക്കിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights