‘ചന്ദ്രഗ്രഹണത്തില്‍ പരിശീലനം അശുഭകരം’; വാംഖഡെയില്‍ ഒന്നര മണിക്കൂര്‍ വൈകി ഇറങ്ങി താരങ്ങള്‍

മുംബൈ: ടി20 ലോകകപ്പ് കിരീട പ്രതീക്ഷയില്‍ സെമി പോരിനിറങ്ങുകയാണ് ഇന്ത്യ. ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. വ്യാഴാഴ്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് സെമി പോരാട്ടം. തുടര്‍ച്ചയായ മൂന്നാം ട്വന്റി20 ലോകകപ്പിലാണ് ഇന്ത്യയും ഇംഗ്ലണ്ടും സെമിയില്‍ ഏറ്റുമുട്ടുന്നത്.

സെമിഫൈനല്‍ പോരാട്ടത്തിനായി ഇന്ത്യന്‍ ടീം ഇന്നലെ മുംബൈയിലെത്തിയിരുന്നു. ഇന്നലെ സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങിയെങ്കിലും ,ചന്ദ്രഗ്രഹണം കാരണം വൈകിയാണ് പരിശീലനം ആരംഭിച്ചത്. വൈകിട്ട് ആറു മണിക്കാണ് ഇന്ത്യന്‍ ടീമിന് പരിശീലനം നിശ്ചയിച്ചിരുന്നെങ്കിലും ഒന്നര മണിക്കൂറോളം വൈകിയാണ് താരങ്ങള്‍ ഗ്രൗണ്ടിലെത്തിയത്. വൈകിട്ട് 3.26 മുതല്‍ 6.47 വരെയായിരുന്നു ചന്ദ്രഗ്രഹണം.

ഗ്രഹണ സമയത്ത് പരിശീലനം നടത്തുന്നത് അശുഭകരമാണെന്ന് ചില താരങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സമയം മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. താരങ്ങളുടെ ആവശ്യം പരിഗണിച്ച് ടീം മാനേജ്‌മെന്റ് പരിശീലനം ഒരു മണിക്കൂര്‍ മാറ്റിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് വൈകിട്ട് 7:30നാണ് പരിശീലനം ആരംഭിച്ചത്. രാത്രി പത്തുമണിയോടെ പരിശീലന സെഷന്‍ അവസാനിക്കുകയും ചെയ്തു. ഭൂമി നടുവിലായി സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേര്‍രേഖയില്‍ വരുമ്പോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിച്ച് ചന്ദ്രന്‍ ഭാഗികമായോ പൂര്‍ണമായോ മറയുന്നതാണു ചന്ദ്രഗ്രഹണം. ജ്യോതിഷപരമായി ചന്ദ്രഗ്രഹണ സമയം അശുഭകരമാണെന്നാണ് വിശ്വാസം.

ഈ ലോകകപ്പില്‍ യുഎസിനെതിരെ ഇന്ത്യ ആദ്യ പോരാട്ടത്തിനിറങ്ങിയത് വാംഖഡെയിലാണ്. വാങ്കഡെയിലെ ഉദ്ഘാടന മത്സരത്തില്‍ യുഎസ് പേസര്‍മാര്‍ ഇന്ത്യന്‍ ബാറ്റിങ്‌നിരയെ വിറപ്പിച്ചതും ഇവിടെയാണ്. എന്നാല്‍ 2017 ഡിസംബറിനുശേഷം ഇവിടെ ഒരു ട്വന്റി20 മത്സരവും തോറ്റിട്ടില്ലെന്നത് ഇന്ത്യക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. മഹുവശത്ത് ലോകകപ്പ് ഗ്രൂപ്പ് റൗണ്ടില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇവിടെ മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ട് 30 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights