അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്കായി മറ്റൊരു തകര്‍പ്പന്‍ ഇന്നിംഗ്‌സ് കളിച്ച ഓപ്പണര്‍ സഞ്ജു സാംസണിന് റെക്കോര്‍ഡ്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സെഞ്ച്വറി നഷ്ടമായെങ്കിലും 46 പന്തില്‍ അഞ്ച് ഫോറുകളും എട്ട് സിക്‌സറുകളും സഹിതം 89 റണ്‍സ് നേടി ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ച സഞ്ജു, മുന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ ടി20 ലോകകപ്പ് റെക്കോര്‍ഡ് ആണ് തകര്‍ത്തത്. ഒരു ടി20 ലോകകപ്പ് പതിപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരന്‍ എന്ന റെക്കോര്‍ഡ് ആണ് കോഹ് ലിയെ മറികടന്ന് സഞ്ജു നേടിയത്.2014 ടി20 ലോകകപ്പില്‍ കോഹ്ലി നേടിയ 319 റണ്‍സ് ആണ് പഴങ്കഥയായത്. ഈ ലോകകപ്പില്‍ സഞ്ജു 321 റണ്‍സ് ആണ് നേടിയത്. ഒരു ദിവസം രണ്ടുതവണ കോഹ്ലിയുടെ റെക്കോര്‍ഡ് തകര്‍ക്കപ്പെടുമായിരുന്നു. ഈ ലോകകപ്പില്‍ ഇതുവരെ 317 റണ്‍സ് നേടി നില്‍ക്കുമ്പോള്‍ ഔട്ടായതോടെയാണ് ഇഷാന്‍ കിഷന് റെക്കോര്‍ഡ് മറികടക്കാന്‍ കഴിയാതെ പോയത്. വെറും അഞ്ചു റണ്‍സ് അകലെ വച്ചാണ് ഇഷാന് റെക്കോര്‍ഡ് നഷ്ടമായത്. അഞ്ചു റണ്‍സ് എടുത്തിരുന്നുവെങ്കില്‍ സഞ്ജുവിനെ മറികടന്ന് ഇഷാന്‍ കിഷന്‍ ഒന്നാമത് എത്തിയെനേ. 25 പന്തില്‍ നാല് ഫോറുകളും അത്രയും സിക്‌സുകളും സഹിതം 54 റണ്‍സ് ആണ് താരം തന്റെ പേരില്‍ ചേര്‍ത്തത്.ടി20 ലോകകപ്പിന്റെ ഒരു പതിപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവര്‍:
സഞ്ജു സാംസണ്‍ – 2026ല്‍ 321 റണ്‍സ്
വിരാട് കോഹ്ലി – 2014ല്‍ 319 റണ്‍സ്
ഇഷാന്‍ കിഷന്‍ – 2026ല്‍ 317 റണ്‍സ്
ടി20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോര്‍ഡും സാംസണ്‍ സ്വന്തമാക്കി. 2016 ലെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ 85 റണ്‍സ് നേടിയ മാര്‍ലോണ്‍ സാമുവല്‍സിന്റെ 10 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ആണ് സാംസണ്‍ തിരുത്തി കുറിച്ചത്. മാത്രമല്ല, ഫൈനലില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന വിരാട് കോഹ്ലിയുടെ റെക്കോര്‍ഡും സാംസണ്‍ തകര്‍ത്തു. 2014 ല്‍ ശ്രീലങ്കയ്ക്കെതിരെ കോഹ്ലി 77 റണ്‍സ് നേടിയിരുന്നു.









