നവീൻ ബാബുവിന്‍റെ മരണത്തിൽ തുടരന്വേഷണം; നാല് കാര്യങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി

കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹർജിയിലാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി 2വിന്റെ ഉത്തരവ്. നാല് കാര്യങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് കോടതിയുടെ ഉത്തരവ്.

കേസിലെ ഏക പ്രതിയായ പി പി ദിവ്യയുടെ ഔദ്യോഗിക ഫോൺ നമ്പറിലെ മുഴുവൻ വിവരങ്ങളും ശേഖരിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ അന്വേഷണ സംഘം ദിവ്യയുടെ സ്വകാര്യ നമ്പറിലെ വിവരങ്ങൾ മാത്രമാണ് ശേഖരിച്ചിരുന്നത്.

പ്രശാന്തൻ ഗോൾഡ് ലോൺ എടുത്താണ് നവീൻ ബാബുവിന് കൈക്കൂലിയായി പണം നൽകിയതെന്ന ആരോപണത്തിൽ അക്കൗണ്ട് വിവരങ്ങൾ സംബന്ധിച്ചും നവീൻ ബാബുവിന്റെ ക്വാട്ടേഴ്‌സിൽ പ്രശാന്തൻ എത്തി എന്ന് സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളിലും അന്വേഷണം വേണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻസ് ബ്യൂറോ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി. തുടരന്വേഷണ റിപ്പോർട്ട് മെയ് 30നകം ഹാജരാക്കണം.നവീൻ ബാബുവിന്‍റെ അന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എസിപി രത്‌നകുമാറിന് രാഷ്ട്രീയ ബന്ധമുണ്ടെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർത്തിയായിരുന്നു കുടുംബത്തിന്റെ ഹർജി. എന്നാൽ കുടുംബം ഉന്നയിച്ച എല്ലാകാര്യങ്ങളിലും തുടരന്വേഷണമില്ല.

2024 ഒക്ടോബർ 15 നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിന് യാത്രയയപ്പ് നൽകുന്ന പരിപാടിയിലേക്ക് അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ എത്തുകയും കളക്ടർ അരുൺ കെ വിജയന്റെ സാന്നിധ്യത്തിൽ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്ത് നവീൻ ബാബു ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. കേസിൽ പി പി ദിവ്യ മാത്രമാണ് പ്രതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights