തിരുവനന്തപുരം: രാജ്യത്ത് പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷമായതോടെ ഹോട്ടല്‍ ഉടമകള്‍ തിങ്കളാഴ്ച കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. അതേസമയം ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പു പറയുന്നു. ഇറാനില്‍ നിന്ന് കൂടുതല്‍ ടാങ്കറുകള്‍ ഇന്ത്യയില്‍ എത്തിക്കാന്‍ ശ്രമം തുടരുകയാണെന്നും അധികൃതര്‍ വിശദീകരിച്ചു.
പാചകവാതക ക്ഷാമത്തില്‍ പ്രതിസന്ധിയിലായതോടെയാണ് ഹോട്ടല്‍ ഉടമകള്‍ സമരത്തിലേക്ക് പോകുന്നത്. നാളെ എണ്ണ കമ്പനികളുടെ ബോട്ട്‌ലിങ് പ്ലാന്റുകളിലേക്ക് മാര്‍ച്ച് നടത്താനും തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹോട്ടലുകള്‍ അടച്ചിട്ട് സൂചന പണിമുടക്ക് നടത്താനും കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍ തീരുമാനിച്ചു.
ഹോട്ടലുകളെ അവശ്യ സര്‍വീസായി പ്രഖ്യാപിച്ച് പാചകവാതകം ഹോട്ടലുകള്‍ക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. അതേസമയം, എല്‍പിജി സിലിണ്ടറുകള്‍ പൂഴ്ത്തിവെപ്പിനെതിരെ രാജ്യവ്യാപക നടപടികള്‍ തുടരുകയാണ്. പൂഴ്ത്തിവെച്ച 15,000 സിലിണ്ടറുകള്‍ ഇതുവരെ പിടിച്ചെടുത്തു.
പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം









