എസ്എംഎസ് വഴി മുത്തലാഖ്; സ്ത്രീധന പീഡന പരാതിയിൽ ആലപ്പുഴ സ്വദേശിക്കെതിരെ കേസ്

മൂവാറ്റുപുഴ: ഫോണിൽ എസ്എംഎസ് അയച്ച് മുത്തലാഖ് ചൊല്ലിയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി സുഹൈലിനെതിരെയാണ് മൂവാറ്റുപുഴ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. മുത്തലാഖിന് പുറമെ ഗുരുതരമായ സ്ത്രീധന പീഡന ആരോപണങ്ങളും പരാതിയിലുണ്ട്.
മൂവാറ്റുപുഴ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. താമസിച്ചിരുന്ന സ്ഥലത്തുനിന്ന് തന്നെ തനിച്ചാക്കി സുഹൈൽ കടന്നുകളഞ്ഞതായും തുടർന്ന് ഫോണിലൂടെ സന്ദേശമയച്ച് മുത്തലാഖ് ചൊല്ലിയതായും യുവതി ആരോപിക്കുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് സുഹൈൽ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.
മുസ്ലിം സ്ത്രീ വിവാഹ അവകാശ സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ഭാരതീയ ന്യായ സംഹിതയിലെ (BNS) 85-ാം വകുപ്പും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് നടപടി. സുഹൈലിന്റെ ഫോൺ നമ്പറും മുത്തലാഖ് സന്ദേശവും യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. സന്ദേശങ്ങൾ ശാസ്ത്രീയമായി പരിശോധിച്ച ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights