അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ ഏകീകൃത സിവില്‍ കോഡ് പാസ്സാക്കി. ഏഴു മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഗുജറാത്ത് അസംബ്ലി ഏകീകൃത സിവില്‍ കോഡിന് അംഗീകാരം നല്‍കിയത്. പ്രതിപക്ഷമായ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ബില്ലിനെ എതിര്‍ത്തെങ്കിലും ശബ്ദ വോട്ടോടെ ബില്‍ അംഗീകരിക്കപ്പെട്ടു.ഏകീകൃത സിവില്‍ കോഡ് നടപ്പാക്കപ്പെടുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. ബില്ലിനെ തുല്യത ഉറപ്പാക്കുന്നതിനുള്ള ഒരു നാഴികക്കല്ലായി ഭരണകക്ഷിയായ ബിജെപി പ്രകീര്‍ത്തിച്ചു. ആദിവാസി-ഗോത്ര വിഭാഗങ്ങളെ ബില്ലിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ‘ഗുജറാത്ത് യൂണിഫോം സിവില്‍ കോഡ്, 2026’ എന്ന് പേരിട്ടിരിക്കുന്ന ബില്‍, സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ഗുജറാത്തുകാര്‍ക്കും ബാധകമാണ്.
മതം പരിഗണിക്കാതെയുള്ള വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ച, ലിവ്-ഇന്‍ ബന്ധങ്ങള്‍ എന്നിവ നിയന്ത്രിക്കുന്നതിനുള്ള ഒരു പൊതു നിയമ ചട്ടക്കൂട് ബില്‍ നിര്‍ദേശിക്കുന്നു. ബലപ്രയോഗത്തിലൂടെയോ, നിര്‍ബന്ധത്തിലൂടെയോ, വഞ്ചനയിലൂടെയോ വിവാഹം നടത്തിയാല്‍ ഏഴ് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.ദ്വിഭാര്യത്വം/ബഹുഭാര്യത്വം എന്നിവ നിരോധിക്കുന്നു. വിവാഹങ്ങള്‍ക്കും ലിവ്-ഇന്‍ ബന്ധങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഏകീകൃത സിവില്‍ കോഡ് മൗലികാവകാശത്തെ ലംഘിക്കുന്നതാണെന്നും ‘മുസ്ലീം വിരുദ്ധമാണെന്നും’ കോണ്‍ഗ്രസ് ആരോപിച്ചു. ഉത്തരാഖണ്ഡ് ആണ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിയ ആദ്യ സംസ്ഥാനം. 2024 ഫെബ്രുവരിയില്‍ ഉത്തരാഖണ്ഡ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിയിരുന്നു.









