കല്‍പ്പറ്റ: തുടര്‍ച്ചയായി രണ്ടുതവണ കൈവിട്ടുപോയ മണ്ഡലം യുഡിഎഫിന് തിരിച്ചുപിടിക്കണം. ഒരു പതിറ്റാണ്ട് മണ്ഡലത്തില്‍ നടത്തിയ വികസനം സമ്മതിദായകരുടെ ഹൃദയം തൊട്ടുവെന്ന് എല്‍ഡിഎഫിന് തെളിയിക്കണം. പടിപടിയായുള്ള വളര്‍ച്ചയ്ക്ക് എന്‍ഡിഎയ്ക്ക് അടിവരയിടണം. ഈ ലക്ഷ്യങ്ങളുമായി മുന്നണികള്‍ മൂന്നും പടയ്ക്കിറങ്ങിയപ്പോള്‍ തിളച്ചുപൊങ്ങുകയാണ് മാനന്തവാടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗം.
സിപിഎമ്മിലെ ഒ.ആര്‍. കേളു, കോണ്‍ഗ്രസിലെ ഉഷ വിജയന്‍, ബിജെപിയിലെ പി. ശ്യാംരാജ് എന്നിവരാണ് പട്ടികവര്‍ഗത്തിന് സംവരണം ചെയ്ത മണ്ഡലത്തിലെ മുന്നണി സ്ഥാനാര്‍ഥികള്‍. രണ്ടാം പിണറായി സര്‍ക്കാരില്‍ പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രിയായ ഒ.ആര്‍. കേളു തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇവിടെ ജനവിധി തേടുന്നത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗമായ ഉഷ വിജയന്‍ ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. ഇടുക്കി സ്വദേശിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി പി. ശ്യാംരാജ്. കഴിഞ്ഞ തവണ തൊടുപുഴയില്‍ പയറ്റിയ പരിചയം ബിജെപി സംസ്ഥാന സെക്രട്ടറിയായ ഇദ്ദേഹത്തിനുണ്ട്.
നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ നടത്തിയ ഇടത്, വലത് മുന്നണികള്‍ മുനിസിപ്പല്‍, പഞ്ചായത്തുതല കണ്‍വന്‍ഷനുകളിലേക്ക് കടന്നിരിക്കയാണ്. എന്‍ഡിഎ നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ഇന്ന് കണിയാരത്ത് നടക്കും. പുലരി മുതല്‍ രാത്രി വൈകുവോളം നീളുന്നതാണ് മൂന്നു മുന്നണി സ്ഥാനാര്‍ഥികളുടെയും തെരഞ്ഞെടുപ്പ് പ്രചാരണം. ഒരു വോട്ടുപോലും ചോരരുതെന്ന വ്യഗ്രതയോടെ തോട്ടം തൊഴിലാളി മേഖലകളിലും ഉന്നതികളിലും അടക്കം വിവിധ മുന്നണി നേതാക്കളും പ്രവര്‍ത്തകരും അതീവ ശ്രദ്ധയാണ് ചെലുത്തുന്നത്.
മാനന്തവാടി നഗരസഭയും എടവക, തിരുനെല്ലി, തവിഞ്ഞാല്‍, പനമരം, വെള്ളമുണ്ട, തൊണ്ടര്‍നാട് പഞ്ചായത്തുകളും അടങ്ങുന്നതാണ് മാനന്തവാടി നിയമസഭാ മണ്ഡലം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുനെല്ലി പഞ്ചായത്തില്‍ മാത്രമാണ് ഇടതു മുന്നണിക്ക് ഭരണം കിട്ടിയത്. നഗരസഭയടക്കം മറ്റു തദ്ദേശ സ്ഥാപനങ്ങള്‍ യുഡിഎഫിന് ഒപ്പം നിന്നു. വലതു മുന്നണിക്ക് ഇടത് മുന്നണിയേക്കാള്‍ 11,543 വോട്ട് അധികം നേടാനായി. ഇതില്‍നിന്നു പാഠം ഉള്‍ക്കൊണ്ട ഇടതുമുന്നണി മണ്ഡലത്തില്‍ ജാഗ്രതയിലാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍നിന്നു ഏറെ വ്യത്യസ്തമല്ലാത്ത വോട്ടൊഴുക്ക് നിയമസഭാ തെരഞ്ഞടുപ്പിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
ഒറ്റനോട്ടത്തില്‍ യുഡിഎഫിന് മേല്‍ക്കൈയുളളതാണ് മാനന്തവാടി മണ്ഡലം. എന്നാല്‍ ഇതിന്റെ പേരില്‍ അഹങ്കാരം വേണ്ടെന്ന പാഠം വോട്ടര്‍മാര്‍ കോണ്‍ഗ്രസ്-ലീഗ് നേതൃത്വത്തെ ഒന്നിലധികം തവണ പഠിപ്പിച്ചിട്ടുണ്ട്.
നേരത്തേ നോര്‍ത്ത് വയനാട് എന്നായിരുന്നു മാനന്തവാടി മണ്ഡലത്തിന് പേര്. 1965, 1967 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ഇടതു സ്ഥാനാര്‍ഥി എ.കെ. അണ്ണനായിരുന്നു നോര്‍ത്ത് വയനാട് മണ്ഡലത്തില്‍ വിജയം. 1965ല്‍ ഇടതു പിന്തുണയുള്ള സ്വതന്ത്രനായും 1967 സിപിഎം സ്ഥാനാര്‍ഥിയായുമാണ് അണ്ണന്‍ മത്സരിച്ചത്. 1970, 1977, 1982 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു മണ്ഡലം. മൂന്നു തവണയും എം.വി. രാജനാണ് വടക്കേ വയനാട്ടില്‍നിന്നു നിയമസഭയിലേത്തിയത്. 1987ലും 1991ലും കോണ്‍ഗ്രസിലെ കെ. രാഘവന്‍ വടക്കേ വയനാട് എംഎല്‍എയായി. അദ്ദേഹത്തിന്റെ വിയോഗശേഷം 1996ലും 2001ലും ഭാര്യ രാധ രാഘവനാണ് മണ്ഡലത്തില്‍ വിജയി.
2006ലെ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിലെ പി. ബാലനെ വീഴ്ത്തി സിപിഎമ്മിലെ കെ.സി. കുഞ്ഞിരാമന്‍ വടക്കേ വയനാട് എംഎല്‍.എയായി. 1987,1991,1996 തെരഞ്ഞെടുപ്പുകളില്‍ തോറ്റതിന്റെ ദുഃഖമാണ് സിപിഎമ്മിനെയും കുഞ്ഞിരാമനെയും ഒഴിഞ്ഞുപോയത്. 2011ല്‍ സിറ്റിംഗ് എംഎല്‍എ കുഞ്ഞിരാമനെ നേരിടാന്‍ കോണ്‍ഗ്രസ് കണ്ടെത്തിയത് രാഷ്ട്രീയത്തില്‍ ഏറെ തഴക്കം ഇല്ലാത്ത പി.കെ. ജയലക്ഷ്മിയെയാണ്. 12,734 വോട്ട് ഭൂരിപക്ഷത്തിന് മണ്ഡലം തിരിച്ചുപിടിച്ച ജയലക്ഷ്മി ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗവുമായി. എന്നാല്‍ 2016ല്‍ അവര്‍ക്ക് സീറ്റ് നിലനിര്‍ത്താനായില്ല. സിപിഎമ്മിലെ ഒ.ആര്‍. കേളുവിനെ നേരിട്ട ജയലക്ഷ്മിക്ക് കോണ്‍ഗ്രസിലെ അകപ്പോര് വിനയായി.1,307 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കേളുവിന്റെ വിജയം.
2021ല്‍ കോണ്‍ഗ്രസ് ജയലക്ഷ്മിക്ക് ടിക്കറ്റ് നല്‍കിയെങ്കിലും കേളുവിന് ഒപ്പമായിരുന്നു വിജയം. പോള്‍ ചെയ്തതില്‍ 75,536 വോട്ട് എല്‍ഡിഎഫ് നേടി. യുഡിഎഫിന് 63,254 വോട്ടാണ് ലഭിച്ചത്. 12,282 വോട്ടായിരുന്നു കേളുവിന്റെ ഭൂരിപക്ഷം.മണ്ഡലത്തില്‍ നില മെച്ചപ്പെടുത്താണ് എന്‍ഡിഎ പരിശ്രമം. 2011ല്‍ ബിജെപി സ്ഥാനാര്‍ഥി ഇരുമുട്ടൂര്‍ കുഞ്ഞിരാമനു 5,732 വോട്ടാണ് ലഭിച്ചത്. 2016ല്‍ 16,230 വോട്ട് പിടിച്ചു. കെ. മോഹന്‍ദാസായിരുന്നു സ്ഥാനാര്‍ഥി. 2021ല്‍ സ്ഥാനാര്‍ഥി മുകുന്ദന്‍ പള്ളിയറ 13,142 വോട്ട് നേടി. ഇക്കുറി 20,000ല്‍ കുറയാത്ത വോട്ടാണ് എന്‍ഡിഎ ലക്ഷ്യം.
2024 ലോക്‌സഭാ തെരഞ്ഞടുപ്പില്‍ നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസിലെ രാഹുല്‍ ഗാന്ധിക്ക് 79,026 ഉം സിപിഐയിലെ ആനി രാജയ്ക്ക് 40,305 ഉം ബിജെപിയിലെ കെ. സുരേന്ദ്രന് 25,503 ഉം വോട്ടാണ് ലഭിച്ചത്. ഉപ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പ്രിയങ്ക ഗാന്ധിക്ക് 74,829 ഉം സിപിഐയിലെ സത്യന്‍ മൊകേരിക്ക് 32056 ഉം ബിജെപിയിലെ നവ്യ ഹരിദാസിന് 20,207 ഉം വോട്ട് കിട്ടി.മണ്ഡലത്തില്‍ മൂന്നു മുന്നണികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രദേശിക വിഷയങ്ങളടക്കം ഉപയോഗപ്പെടുത്തുന്നുണ്ട്. ഗവ.മെഡിക്കല്‍ കോളജ്, വന്യമൃഗശല്യം എന്നിവ അവയില്‍ ചിലതാണ്.








