മാനന്തവാടി: അഞ്ച് പതിറ്റാണ്ടിലേക്ക് കടക്കുന്ന മാനന്തവാടിയിലെ നിലവിലുള്ള ബസ് സ്റ്റാന്‍ഡും അനുബന്ധ കെട്ടിടങ്ങളും പൊളിച്ചു മാറ്റി ബസ് ബേ നിര്‍മിക്കാന്‍ ധാരണ. ഇതു സംബന്ധിച്ച വിശദമായ പദ്ധതി രേഖക്ക് (ഡി.പി.ആര്‍) നഗരസഭാ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി.ബസ് ബേ നിര്‍മിക്കുന്നതിന് തിരുവന്തപുരം എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് നല്‍കിയ ക്വട്ടേഷനാണ് സ്വീകരിച്ചത്. ഇവര്‍ സമര്‍പ്പിച്ച ഡി.പി.ആറാണ് നഗരസഭാ ഭരണസമിതി അംഗീകരിച്ചത്. ബസ് ബേയില്‍ ഒരേ സമയം ആറു ബസുകള്‍ക്ക് നിര്‍ത്തിയിടാനുള്ള സൗകര്യമുണ്ടാവും. ഇപ്പോഴത്തെ പോലെ സ്റ്റാന്‍ഡിലേക്ക് ബസുകള്‍ ഏറെസമയം നിര്‍ത്തിയിടുന്ന സംവിധാനമുണ്ടാവില്ല.
പ്രവൃത്തി നടക്കുമ്പോള്‍ താഴെയങ്ങാടിയിലും സമീപ പ്രദേശങ്ങളിലും ബസുകള്‍ നിര്‍ത്തിയിടാനുള്ള സൗകര്യമൊരുക്കും. 15 കോടി രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. സ്വകാര്യ വാഹനങ്ങള്‍ക്ക് നിര്‍ത്തിയിടാനുള്ള സൗകര്യവും ബസ് ബേയുടെ ഭാഗമായി ഒരുക്കും. യാത്രക്കാര്‍ക്കുള്ള ഇരിപ്പിടങ്ങളുമുണ്ടാകും. കേരള റൂറല്‍ അര്‍ബന്‍ ഡെവലപ്പ്‌മെന്റെ കോര്‍പറേഷനില്‍ നിന്ന് വായ്പയെടുത്താണ് പ്രവൃത്തിക്കുള്ള തുക കണ്ടെത്തുന്നത്. കെട്ടിട നിര്‍മാണത്തിനായുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.1977ല്‍ നിര്‍മിച്ചതാണ് നിലവിലുള്ള നഗരസഭാ ബസ് സ്റ്റാന്‍ഡും അനുബന്ധ കെട്ടിടങ്ങളും. യഥാസമയം അറ്റകുറ്റപ്പണികളെടുക്കാത്തതിനെ തുടര്‍ന്ന് സീലിങ് അടര്‍ന്നു വീണ സംഭവം വരെയുണ്ടായിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ നടത്തി ബലപ്പെടുത്താനുള്ള ക്ഷമത കെട്ടിടത്തിനില്ലെന്ന് നഗരസഭ അസി എന്‍ജിനീയര്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള ബസ് സ്റ്റാന്‍ഡ് പൊളിച്ചു പണിയാന്‍ തീരുമാനിച്ചത്.ഒരു വര്‍ഷം മുമ്പേ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. നിലവിലുള്ള ഭരണസമിതി കഴിഞ്ഞ ഭരണസമിതിയുടെ കാലത്തുതന്നെ പ്രവൃത്തി തുടങ്ങാനുള്ള ശ്രമവുമായി മുന്നോട്ടു പോയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ നിര്‍ത്തിവെക്കേണ്ടി വന്നു. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കുന്ന മുറക്ക് പഴയ കെട്ടിടം പൊളിച്ച് മാറ്റും. ആറുമാസത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.









