ബാങ്കുകള്‍ക്ക് തിരിച്ചടിയായി പുതിയ നിബന്ധന; ലോണെടുത്ത് മുങ്ങുന്നവര്‍ക്ക് സഹായം

മുംബൈ: ഉപഭോക്താക്കളെ വിളിക്കുമ്പോള്‍ 1600 സീരീസ് നമ്പര്‍ ഉപയോഗിക്കണമെന്ന നിബന്ധന തിരിച്ചടിയാകുമോയെന്ന ആശങ്കയില്‍ ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും (എന്‍.ബി.എഫ്.സി). സാമ്പത്തിക തട്ടിപ്പുകള്‍ കുറക്കുകയെന്ന ലക്ഷ്യമിട്ടാണ് ബാങ്കുകളുടെ വോയിസ് കോളിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുതിയ നമ്പര്‍ നിബന്ധന കൊണ്ടുവന്നത്. ഉപഭോക്തൃ സംരക്ഷണമാണ് നിബന്ധനയുടെ ഉദ്ദേശ്യമെങ്കിലും ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ വായ്പ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ ഉത്തരവ് തടസ്സപ്പെടുത്തുമെന്നാണ് സൂചന.

ഒരു പ്രത്യേക നമ്പറില്‍നിന്ന് ഫോണ്‍ കോള്‍ ലഭിച്ചാല്‍ വായ്പയെടുത്തവര്‍ മറുപടി നല്‍കാതിരിക്കാന്‍ സാധ്യതയുണ്ടെന്ന് ബാങ്കുകള്‍ പറയുന്നു. മാത്രമല്ല, വായ്പ തിരിച്ചടപ്പിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനും ധനകാര്യ സ്ഥാപനങ്ങള്‍ നിര്‍ബന്ധിതരാകും. ഏജന്റുകളെ നിയോഗിച്ച് നേരില്‍ കണ്ട് വായ്പ തിരിച്ചടക്കാന്‍ ആവശ്യപ്പെടുക, വാട്‌സ്ആപുകള്‍ പോലുള്ള ബദല്‍ ചാനലുകളിലൂടെ ബന്ധപ്പെടുക, തിരിച്ചടവ് മുടങ്ങാതിരിക്കാന്‍ വായ്പയെടുക്കുന്നതിന് മുമ്പ് പലിശ, പിഴ തുടങ്ങിയ വിവിധ കാര്യങ്ങളെ കുറിച്ച് ഉപഭോക്താക്കളെ കൂടുതല്‍ ബോധ്യപ്പെടുത്തുക തുടങ്ങിയ നടപടികളാണ് ധനകാര്യ സ്ഥാപനങ്ങള്‍ ആലോചിക്കുന്നത്. ഇത്തരം പരമ്പരാഗത നടപടികളിലേക്ക് നീങ്ങിയാല്‍ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെ ചെലവ് 10 മുതല്‍ 15 ശതമാനം വരെ വര്‍ധിക്കുമെന്ന് മേഖലയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

1600 സീരീസ് നമ്പര്‍ വളരെ നല്ല ആശയമാണെന്നും സാമ്പത്തിക തട്ടിപ്പ് കുറക്കാന്‍ സഹായിക്കുമെന്നും വായ്പ തിരിച്ചുപിടിക്കുന്ന കമ്പനിയായ ഡി.പി.ഡിസീറോയുടെ സ്ഥാപകനും ചീഫ് എക്‌സികുട്ടിവ് ഓഫിസറുമായ ആനന്ദ് ഷ്രോഫ് പറഞ്ഞു. എന്നാല്‍, വായ്പ തിരിച്ചുപിടിക്കല്‍ ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക് മാറിയതിനാല്‍ പുതിയ നിബന്ധന ബാങ്കുകള്‍ക്ക് വെല്ലുവിളിയാകും. നമ്പര്‍ പൂര്‍ണമായും നിലവില്‍ വരുന്നതോടെ ഫീല്‍ഡ് ഏജന്റുമാരെ ആശ്രയിക്കുന്നത് ഗണ്യമായി വര്‍ധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1600 സീരീസ് നമ്പറില്‍നിന്ന് വരുന്ന കോളുകള്‍ ഉപഭോക്താക്കള്‍ എടുക്കാത്തതിനാല്‍ നേരിട്ട് വായ്പ തിരിച്ചുപിടിക്കുന്ന പരമ്പരാഗത രീതിയെ ആശ്രയിക്കേണ്ടി വരുമെന്ന് വായ്പ തിരിച്ചുപിടിക്കുന്ന മറ്റൊരു സ്ഥാപനമായ ക്രെഡ്ജെനിക്‌സിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ ഋഷഭ് ഗോയലും പറഞ്ഞു.

വാണിജ്യ ബാങ്കുകള്‍ക്ക് ജനുവരി ഒന്നും വന്‍കിട ബാങ്കുകള്‍ക്ക് ഫെബ്രുവരി ഒന്നും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് ഒന്നുമാണ് 1600 സീരീസ് നമ്പര്‍ നടപ്പാക്കുന്നതിനുള്ള സമയപരിധി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം കുറഞ്ഞെങ്കിലും നഷ്ടപ്പെടുന്ന തുക കുതിച്ചുയര്‍ന്നിരിക്കുകയാണ്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 21,515 കോടി രൂപയാണ് നഷ്ടപ്പെട്ടത്. മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് തുകയില്‍ 30 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. അതേസമയം, തട്ടിപ്പുകളുടെ എണ്ണം 2.8 മടങ്ങ് കുറഞ്ഞ് 5,092 ആയി. 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തട്ടിപ്പുകാര്‍ കവര്‍ന്നത് 16,569 കോടി രൂപയായിരുന്നു. റജിസ്റ്റര്‍ ചെയ്ത കേസുകള്‍ 18,386 ആയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights