മഡിവാള ബലാത്സംഗക്കേസ്; ഒന്നാംപ്രതി ഹൈനസ് അറസ്റ്റില്‍, പിടികൂടിയത് വയനാട്ടില്‍നിന്ന് ?

ബംഗളൂരു: മഡിവാള ബലാത്സംഗ കേസിലെ ഒന്നാംപ്രതി അറസ്റ്റില്‍. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഹൈനസിനെ വയനാട്ടില്‍നിന്ന് പിടികൂടി ബംഗളൂരുവിലെത്തിച്ചെന്നാണ് സൂചന. വെള്ളിയാഴ്ച വൈകീട്ട് കര്‍ണാടക പൊലീസാണ് ഇയാളെ പിടികൂടിയത്. മഡിവാളയില്‍ 20 വയസുളള മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് ഹൈനസ്. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ട്രാന്‍സിറ്റ് വാറന്റ് ഉപയോഗിച്ച് കര്‍ണാടകയിലെത്തിക്കുകയായിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇയാളെ തുടര്‍നടപടികള്‍ക്കുശേഷം കോടതിയിലെത്തിക്കും.മെയ് 12നാണ് മഡിവാളയിലെ താമസ സ്ഥലത്ത് വെച്ച് പെണ്‍കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ പിറ്റേദിവസംതന്നെ മഡിവാള പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കരുതെന്നാണ് ആവശ്യപ്പെട്ടതെന്നും അപമാനിച്ചെന്നും പെണ്‍കുട്ടി ആരോപിച്ചു. മഡിവാള പൊലീസ് കേസെടുക്കാന്‍ തയ്യാറാകാതിരുന്നതോടെ പെണ്‍കുട്ടിയും സുഹൃത്തുക്കളും മേയ് 18-ന് ബംഗളൂരു നോര്‍ത്ത് ഈസ്റ്റ് ഡിസിപിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഡിസിപിയുടെ നിര്‍ദേശപ്രകാരമാണ് മേയ് 18-ന് സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്തത്.ബംഗളൂരുവില്‍ പഠിക്കുന്ന പെണ്‍കുട്ടി പഠനത്തോടൊപ്പം സുഹൃത്തുക്കള്‍ നടത്തുന്ന കഫേയില്‍ പാര്‍ട്ട് ടൈം ജോലിയും ചെയ്തിരുന്നു. കഫേയ്ക്ക് സമീപത്തെ താമസസ്ഥലത്തെത്തിയാണ് ഹൈനസ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സുഖമില്ലാതെ താമസസ്ഥലത്ത് വിശ്രമിക്കുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടെ ഹൈനസ് അവിടെയെത്തി. തുടര്‍ന്ന് സുഹൃത്തുക്കള്‍ പുറത്തുപോയ സമയത്താണ് ഇയാള്‍ മുറിയില്‍ അതിക്രമിച്ചുകയറി ബലാത്സംഗംചെയ്തതെന്നും പെണ്‍കുട്ടി പറഞ്ഞു.

പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ മഡിവാളയില്‍ കഫേ ആരംഭിച്ചപ്പോള്‍ ഇതിനുവേണ്ട സ്ഥലം കണ്ടെത്തിനല്‍കിയതും മറ്റുസഹായങ്ങള്‍ നല്‍കിയതും ഹൈനസ് ആയിരുന്നു. എന്നാല്‍, കഫേ നഷ്ടത്തിലായതോടെ ഇത് വില്‍ക്കാന്‍ തീരുമാനിച്ചു. ഇതിനായി ഹൈനസിന്റെ സഹായവും തേടി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനായാണ് മേയ് 12-ന് ഹൈനസ് താമസസ്ഥലത്തെത്തിയതെന്നാണ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights