ദുബൈ: യുഎഇയില്‍ പുതിയ ബാല ഡിജിറ്റല്‍ സുരക്ഷാ നിയമം (Child Digital Safety Law, CDS Law,) നിലവില്‍ വന്നതിനെത്തുടര്‍ന്ന്, യുഎഇയിലെ മാതാപിതാക്കള്‍ക്കും കെയര്‍ഗിവര്‍മാര്‍ക്കും കുട്ടികളുടെ ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ സജീവമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും നിയമപരമായ ബാധ്യതയുണ്ടാകും.
ഹാനികരമായ ഓണ്‍ലൈന്‍ ഉള്ളടക്കം, അമിതമായ ഡിജിറ്റല്‍ ഉപയോഗം, കുട്ടികളുടെ സ്വകാര്യ ഡേറ്റ ശേഖരിക്കല്‍, എന്നിവയുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുക എന്നതാണ് പുതിയ സിഡിഎസ് നിയമം ലക്ഷ്യമിടുന്നത്.
പുതിയ നിയമപ്രകാരം ഡിജിറ്റല്‍ സുരക്ഷ എന്നത് മാര്‍ഗ്ഗനിര്‍ദ്ദേശം എന്ന കാഴ്ചപ്പാടില്‍ നിന്ന് മാറ്റി നിയമപരമായ ഉത്തരവാദിത്തമാക്കുന്നു. രക്ഷിതാക്കള്‍, പ്ലാറ്റ്ഫോമുകള്‍, സേവന ദാതാക്കള്‍ എന്നിവര്‍ക്ക് ഒരുപോലെ വ്യക്തമായ കടമകള്‍ നിയമം നിര്‍വചിക്കുന്നു.
യുഎഇയിലെ കുട്ടികളെ ലക്ഷ്യം വച്ചുള്ള ആഗോള പ്ലാറ്റ്ഫോമുകള്‍ക്കും നിയമം ബാധകമാണ്
യുഎഇയില്‍ ആസ്ഥാനമായുള്ള കമ്പനികള്‍ക്ക് മാത്രമല്ല സിഡിഎസ് നിയമം ബാധകമാകുന്നത്. പ്രാദേശികമായി സ്ഥാപനപരമായ സാന്നിധ്യം ഇല്ലെങ്കില്‍ പോലും രാജ്യത്ത് സാന്നിദ്ധ്യമുള്ള വിദേശ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കും ഈ നിയമം ബാധകമാണ്.









