ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മകൾ ഇവാങ്ക ട്രംപിനെ വധിക്കാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ (ഐആർജിസി) പരിശീലനം നേടിയ ഒരു ഭീകരൻ ലക്ഷ്യമിട്ടതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട്. ട്രംപിൻ്റെ ആദ്യ ഭരണകാലയളവിലാണ് ഇവാങ്കയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്നാണ് റിപ്പോർട്ട്. മെയ് 15ന് തുർക്കിയിൽ അറസ്റ്റിലായതിന് പിന്നാലെ അമേരിക്കയിലേയ്ക്ക് നാടുകടത്തപ്പെട്ട മുഹമ്മദ് ബാക്കർ സാദ് ദാവൂദ് അൽ-സാദിയാണ് ഇവാങ്കയെ കൊലപ്പെടുത്താൻ തീരുമാനിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. ഇവാങ്കയുടെ ഫ്ലോറിഡയിലെ വീടിന്റെ ഒരു ബ്ലൂപ്രിന്റ് മുഹമ്മദ് ബാക്കർ സാദ് ദാവൂദ് അൽ-സാദി കൈവശം വച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ആദ്യ ഭരണകാലയളവിൽ ട്രംപിൻ്റെ ഉപദേഷ്ടാവായി ഇവാങ്ക സേവനം അനുഷ്ഠിച്ചിരുന്നു.ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ ഭാഗമായ ‘ഖുദ്‌സ് ഫോഴ്സിൻ്റെ’ തലവനായിരുന്ന ഖാസിം സുലൈമാനിയുടെ കൊലപാതകത്തിൽ പ്രതികാരം ചെയ്യാനാണ് ഇവാങ്കയെ വധിക്കാൻ മുഹമ്മദ് ബാക്കർ സാദ് ദാവൂദ് അൽ-സാദി പദ്ധതിയിട്ടതെന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ‘ട്രംപ് നമ്മുടെ വീട് കത്തിച്ചതുപോലെ ഇവാങ്കയുടെ വീടും കത്തിക്കാൻ നമുക്ക് ഇവാങ്കയെ കൊല്ലണം’ എന്ന് ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് ശേഷം അൽസാദി ആളുകളോട് പറഞ്ഞിരുന്നതായാണ് വാഷിംഗ്ടണിലെ ഇറാഖി എംബസിയിലെ മുൻ ഡെപ്യൂട്ടി മിലിട്ടറി അറ്റാഷെ ആയ എന്റിഫാദ് ഖാൻബറിനെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
ട്രംപിൻ്റെ നേരിട്ടുള്ള നിർദ്ദേശ പ്രകാരമായിരുന്നു ഇറാഖ് സന്ദർശനത്തിനിടെ അമേരിക്ക സുലൈമാനിയെ വധിച്ചത്. ആറ് വർഷം മുമ്പ് ബാഗ്ദാദിൽ വെച്ച് നടത്തിയ അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിലായിരുന്നു ആയത്തുല്ല ഖമനേയിയുടെ ഏറ്റവും വിശ്വസ്ത സൈനിക മേധാവിയായിരുന്ന ഖാസിം സുലൈമാനികൊല്ലപ്പെടുന്നത്.ഫ്ലോറിഡയിൽ ഇവാങ്കയ്ക്കും ഭർത്താവ് ജാരെഡ് കുഷ്‌നറിനും 24.24 മില്യൺ ഡോളർ വിലമതിക്കുന്ന വീടുണ്ട്. ഈ വീടിൻ്റെ ചിത്രം ഉൾപ്പെടുന്ന ഭൂപടം അൽ-സാദി എക്സിൽ പോസ്റ്റ് ചെയ്തിരുന്നു എന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചിത്രത്തിനൊപ്പം അറബിയിൽ എഴുതിയ ഭീഷണിയും അൽ-സാദി പങ്കുവെച്ചിരുന്നു. ‘അമേരിക്കക്കാരോട് ഞാൻ പറയുന്നു, ഈ ചിത്രം നോക്കൂ, നിങ്ങളുടെ കൊട്ടാരങ്ങളോ സീക്രട്ട് സർവീസോ നിങ്ങളെ സംരക്ഷിക്കില്ലെന്ന് അറിയുക. ഞങ്ങൾ നിലവിൽ നിരീക്ഷണത്തിന്റെയും വിശകലനത്തിന്റെയും ഘട്ടത്തിലാണ്. ഞാൻ നിങ്ങളോട് പറയുന്നു, നമ്മുടെ പ്രതികാര സമയത്തിന്റെ കാര്യമാണ്’ എന്നായിരുന്നു അൽ-സാദി അറബിയിൽ പങ്കുവെച്ച ഭീഷണി. കതൈബ് ഹിസ്ബുള്ളയുടെയും ഇറാന്റെ ഐആർജിസിയുടെയും പ്രവർത്തകനാണ് അൽ-സാദി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇറാഖ്-ഇറാൻ ഭീകര ശൃംഖലയിലെ പ്രധാനിയാണ് അൽ-സാദി എന്നാണ് റിപ്പോർട്ട്. യൂറോപ്പിലും അമേരിക്കയിലുമായി 18 ആക്രമണങ്ങളും ആക്രമണ ശ്രമങ്ങളും അൽ-സാദി നടത്തിയതായാണ് അമേരിക്കൻ നീതിന്യായ വകുപ്പ് പറയുന്നത്.
കുഷ്‌നറുമായുള്ള വിവാഹത്തിന് മുമ്പ് 44 കാരിയായ ഇവാങ്ക 2009-ൽ ഓർത്തഡോക്സ് ജൂതമതത്തിലേക്ക് പരിവർത്തനം ചെയ്തിരുന്നു. എന്നാൽ ഇവാങ്കയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയെക്കുറിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ചില്ലെന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു









