ഗാസിയാബാദ്: എക്സ് മുസ്ലിം യുട്യൂബർ സലീം അഹമ്മദ് എന്ന സലീം വസ്തിക്കിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ഗാസിയാബാദ് ലോണി മേഖലയിൽ ഞായറാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിലാണ് അമ്രോഹ സ്വദേശിയായ സീഷാൻ (24) കൊല്ലപ്പെട്ടത്. ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന കുറ്റവാളിയാണ് ഇയാൾ.
പോലീസ് സംഘത്തിന് നേരെ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സീഷാന് പരിക്കേറ്റതെന്ന് എഡിജിപി അമിതാഭ് യാഷ് അറിയിച്ചു. വെടിയേറ്റ ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഒരു നാടൻ തോക്ക്, തിരകൾ, കത്തി, മോട്ടോർ സൈക്കിൾ എന്നിവ പോലീസ് കണ്ടെടുത്തു. കേസിലെ മറ്റൊരു പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.ഫെബ്രുവരി 27-ന് പുലർച്ചെ നിസ്കാരത്തിന് ശേഷമാണ് അലി ഗാർഡനിലെ ഓഫീസിൽ വെച്ച് സലീം വസ്തിക്കിന് നേരെ ആക്രമണമുണ്ടായത്. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ട് പേർ സലീമിനെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിലും വയറിലും പരിക്കേറ്റ അദ്ദേഹം ഡൽഹി ജിടിബി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇസ്ലാം മതം ഉപേക്ഷിച്ച വ്യക്തിയെന്ന് സ്വയം പരിചയപ്പെടുത്തുന്ന സലീം, തന്റെ യുട്യൂബ് ചാനലുകളിലൂടെ ചില മതപരമായ ആചാരങ്ങളെ വിമർശിച്ചിരുന്നു. ഇതാകാം ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
എക്സ് മുസ്ലിം യുട്യൂബർ സലീം വസ്തിക്കിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു








