ബെംഗളൂരു: ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ആക്രണത്തിനിരയായ തൃശ്ശൂര്‍ സ്വദേശിനി മരിച്ചു. വാടാനപ്പള്ളി പത്താംകല്ല് സ്വദേശിനി(47)യാണ് മരിച്ചത്.
നായ്ക്കളെ പരിചരിക്കാന്‍ ബെംഗളൂരുവിലേക്ക് ജോലിക്ക് പോയ യുവതിക്കു നേരെ ഈ മാസം മൂന്നിനാണ് ആക്രമണമുണ്ടായത്. പ്രതി ബെംഗളൂരുവിലെ മലയാളിയായ ദീപക് കൃഷ്ണക്കായി തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് തിരച്ചില്‍ നടത്തിവരികയാണ്.
താന്‍ യുവതിയെ ആക്രമിച്ചെന്ന് പറയുന്ന ദീപക് കൃഷ്ണയുടെ വീഡിയോ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. യുവതിയുടെ താന്‍ ആക്രമിച്ചെന്നും അവരെ ആംബുലന്‍സില്‍ കൊണ്ടുപോയിട്ടുണ്ട് എന്നുമെല്ലാം ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.
ജോലിക്കായി മറ്റ് രണ്ടുപേര്‍ക്കൊപ്പമാണ് യുവതി ബെംഗളൂരുവിലേക്ക് പോയത്. ബെംഗളൂരുവില്‍ ദീപക്കിന്റെ വീട്ടിലേക്ക് നായ്ക്കളെ നോക്കാന്‍ പോയപ്പോഴാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്. അക്രമം ചെറുത്ത യുവതിയുടെ തലയ്ക്കും കഴുത്തിനും ദീപക് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ യുവതിയുടെ തലച്ചോറിനുള്‍പ്പെടെ ക്ഷതം സംഭവിച്ചിട്ടുണ്ട്.
യുവതിക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ വിവരം പോലീസില്‍ അറിയിച്ചതോടെ വാടാനപ്പള്ളി പോലീസ് ഇടപെട്ടാണ് യുവതിയെ ബെംഗളൂരുവില്‍നിന്ന് തൃശ്ശൂരിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം യുവതിയുടെ നില അതീവ ഗുരുതരാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.
യുവതിയുടെ ഭര്‍ത്താവ് ദീപക്കിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്. സംഭവം നടന്നത് ബെംഗളൂരുവില്‍ ആയതിനാല്‍ അവിടേക്ക് കേസ് കൈമാറുമെന്ന് പോലീസ് അറിയിച്ചു.






