ആലപ്പുഴ: യുഡിഎഫിന് നൂറുസീറ്റ് കിട്ടിയാല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുമെന്ന പ്രഖ്യാപനത്തില്‍ മലക്കംമറിഞ്ഞ് വെള്ളാപ്പള്ളി നടേശന്‍. ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ‘അങ്ങനെ പലരും പലതും പറഞ്ഞുകാണും’ എന്നുമാത്രമായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.
2025 ജൂലായിലാണ് പറവൂരില്‍ നടന്ന ചടങ്ങില്‍ വെള്ളാപ്പള്ളി വി.ഡി. സതീശനെ വെല്ലുവിളിക്കുകയും 100 സീറ്റ് കിട്ടിയാല്‍ രാജിവെക്കുമെന്ന് പറയുകയുംചെയ്തത്. സതീശന് അഹങ്കാരമാണെന്നും മുഖ്യമന്ത്രിയാകുമെന്ന് കരുതിയാണ് അഹങ്കാരമെന്നും വെള്ളാപ്പള്ളി അന്ന് പറഞ്ഞിരുന്നു. രാഷ്ട്രീയത്തില്‍ അഹങ്കാരം പറയുന്നവര്‍ക്ക് തോറ്റ ചരിത്രമുണ്ട്. 100 പേരെ ജയിപ്പിക്കുമെന്നാണ് സതീശന്‍ പറയുന്നത്. അയാളെക്കൊണ്ട് ഒന്നും ചെയ്യാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. യുഡിഎഫിന് 100 സീറ്റ് കിട്ടിയാല്‍ താന്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്നും യുഡിഎഫിന് 98 സീറ്റ് പോലും കിട്ടില്ലെന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചിരുന്നു. 100 സീറ്റ് കിട്ടിയില്ലെങ്കില്‍ സതീശന്‍ രാജിവെച്ച് വനവാസത്തിന് പോകുമോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.
വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വി.ഡി. സതീശന്‍ അദ്ദേഹത്തിന്റെ വെല്ലുവിളി ഏറ്റെടുക്കുകയുണ്ടായി. യുഡിഎഫിനെ നല്ല ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനായില്ലെങ്കില്‍ വനവാസത്തിന് പോകുമെന്നായിരുന്നു സതീശന്റെ വാക്കുകള്‍. പകരം വെള്ളാപ്പള്ളിയോട് വെല്ലുവിളിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. യുഡിഎഫിന് 97 സീറ്റ് വരെ കിട്ടുമെന്നതില്‍ വെള്ളാപ്പള്ളിക്ക് സംശയമില്ലല്ലോ, പിന്നെ നൂറ് സീറ്റ് കവിഞ്ഞുപോകാനുള്ള നാലഞ്ച് സീറ്റല്ലേ, അത് ഞങ്ങള്‍ കഠിനാധ്വാനംചെയ്ത് നൂറിലധികം സീറ്റാക്കുമെന്നും സതീശന്‍ പറഞ്ഞിരുന്നു.
‘UDF 100 സീറ്റ് നേടിയാല്‍ രാജി’: മലക്കംമറിഞ്ഞ് വെള്ളാപ്പള്ളി, അങ്ങനെ പലതും പറഞ്ഞുകാണുമെന്ന് പ്രതികരണം









