തെഹ്റാൻ: ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് അമേരിക്ക അവരുടെ നിലപാടിലും നടപടികളിലും മാറ്റം വരുത്തണമെന്ന ആവശ്യവുമായി ഇറാൻ. അമേരിക്ക അവരുടെ പെരുമാറ്റം തിരുത്തണം എന്നാണ് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്ക പാലിക്കേണ്ട ആറ് ആവശ്യങ്ങൾ ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹമ്മദ് ബാഖർ സോൾഘദർ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇറാനെതിരെയും ഇറാന്റെ ‘വിശുദ്ധ മൂല്യങ്ങൾക്കെതിരെയും’ ഉള്ള ഭീഷണികൾ അവസാനിപ്പിക്കുക. ഇറാനും മേഖലയിൽ ഇറാന്റെ സഖ്യകക്ഷികൾക്കുമെതിരായ സൈനിക നടപടികൾ സ്ഥിരമായി അവസാനിപ്പിക്കുക. ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി വിന്യസിച്ച അമേരിക്കൻ നാവിക-വ്യോമ സേനകളെ പിൻവലിക്കുക. അടുത്തിടെ നടന്ന സംഘർഷത്തിൽ ഇറാനുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ പിൻവലിക്കുക. മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ ആസ്തികൾ വിട്ടുനൽകുക എന്നീ ആറ് ആവശ്യങ്ങളാണ് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മുന്നോട്ട് വെച്ചിരിക്കുന്നത്.
യുദ്ധത്തിലായാലും ചർച്ചകളിലായാലും ഈ ആവശ്യങ്ങളിൽ നിന്ന് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ പിന്നോട്ടുപോകില്ലെന്നും മുഹമ്മദ് ബാഖർ സോൾഘദർ പറഞ്ഞു. അമേരിക്ക ഈ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്നും ഇറാന്റെ ദേശീയ സുരക്ഷാ മേധാവി വ്യക്തമാക്കി. സോൾഘദർ മുന്നോട്ടുവച്ച ആവശ്യങ്ങളുടെ പട്ടിക ഇറാൻ ഔദ്യോഗിക മാധ്യമങ്ങളാണ് പുറത്തുവിട്ടത്. അമേരിക്കയുടെ നാവിക ഉപരോധം പിൻവലിക്കുക, സൈനിക സേനകളെ പിൻവലിക്കുക, യുദ്ധം സ്ഥിരമായി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും പട്ടികയിലുണ്ട്. സംഘർഷത്തിനിടെ ഇറാനുണ്ടായ നാശനഷ്ടങ്ങൾക്ക് അമേരിക്ക നഷ്ടപരിഹാരം നൽകണമെന്നും മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകണമെന്നും സോൾഘദർ ആവശ്യപ്പെട്ടു. അമേരിക്ക തങ്ങളുടെ നിലപാട് തിരുത്തുന്നതുവരെ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്നും പ്രസ്താവനയിൽ സോൾഘദറിന്റെ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.ഇതിനിടെ ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഒമാനുമായി ധാരണയിലെത്തുന്നതിന് ഇറാൻ ‘വളരെ അടുത്തെത്തിയതായി’ ശനിയാഴ്ച ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. എന്നാൽ കടലിടുക്ക് വീണ്ടും തുറക്കുന്നത് മറ്റ് ചില നിബന്ധനകൾക്ക് വിധേയമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജൂണിൽ അമേരിക്കയും ഇറാനും തമ്മിൽ ധാരണയായ വ്യവസ്ഥകൾ അമേരിക്ക ലംഘിച്ചുവെന്നാണ് ഇറാന്റെ ആരോപണം. ഇതിന് പരിഹാരം കാണണമെന്നതും ഇറാന്റെ നിബന്ധനകളിൽ ഉൾപ്പെടുന്നതായി അരാഗ്ചി പറഞ്ഞു. ചർച്ചകൾ ‘ക്രിയാത്മകവും ഗുണപരവുമായ’ രീതിയിലാണ് പുരോഗമിക്കുന്നതെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു. ഒമാനുമായി ഉണ്ടാക്കാനിരിക്കുന്ന നിർദിഷ്ട ധാരണയുടെ അടിസ്ഥാനരേഖയിൽ ഇറാൻ വലിയ തോതിൽ ധാരണയിലെത്തിയെന്നാണ് ഇറാനിയൻ വാർത്താ ഏജൻസിയായ ഐആർഐബി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.









